കുടിയേറ്റ വിരുദ്ധ വികാരം ആളിക്കത്തിച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കുറ്റത്തിന് രണ്ട് കുടിയേറ്റക്കാരായ കൗമാരക്കാരെ അറസ്റ്റ് ചെയ്തതോടെയാണ് രാജ്യത്ത് അശാന്തി പടര്‍ന്നത്.
ശനിയാഴ്ച വൈകുന്നേരം അക്രമസംഭവം നടന്നതായി പറയുന്ന കോ ആന്‍ട്രിമ്മിലെ ബാലിമെനയിലുള്ള ഹാരിവില്ലെന്ന് പ്രദേശത്ത് ആയിരങ്ങളാണ് സംഘടിച്ചത്. ക്ലോനാവോണ്‍ ടെറസിലെ പെണ്‍കുട്ടിയ്ക്ക് നേരെയാണ് ഗുരുതരമായ ലൈംഗിക അതിക്രമത്തിന് ശ്രമം നടന്നത്. സംഭവത്തില്‍ രണ്ട് 14 വയസ്സുകാരെയാണ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
കോളെറെയിന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് പരിഭാഷകന്റെ സഹായം ആവശ്യമായി വന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെയാണ് പ്രാദേശിക പാര്‍ക്കില്‍ സംഘടിച്ച ജനക്കൂട്ടം ക്ലോനാവോണ്‍ ടെറസ് മേഖലയിലേക്ക് മാര്‍ച്ച് ചെയ്തത്. ഒരു ഭാഗത്ത് തീകത്തിച്ച് രോഷം പ്രകടിപ്പിച്ച ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി.
പോലീസ് ലൈനുകള്‍ക്ക് നേരെ മിസൈലും, പെട്രോള്‍ ബോംബും, പെയിന്റും എറിഞ്ഞതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സമീപത്തെ പ്രോപ്പര്‍ട്ടികളും മുഖംമൂടി അണിഞ്ഞ യുവാക്കള്‍ തകര്‍ത്തു. ബലാത്സംഗ ശ്രമത്തിനുള്ള കുറ്റങ്ങളാണ് 14-കാരായ രണ്ട് ആണ്‍കുട്ടികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാല്‍ ഇവര്‍ കുറ്റം നിഷേധിക്കുന്നു.
ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് ചീഫ് സൂപ്രണ്ട് സ്യൂ സ്റ്റീന്‍ ആവശ്യപ്പെട്ടു. അക്രമവും, അരാജകത്വവും ആളുകളെ കൂടുതല്‍ അപകടത്തിലാക്കുകയാണ് ചെയ്യുക. സമൂഹത്തെ സുരക്ഷിതമാക്കുന്നതിലാണ് പ്രാധാന്യം, അവര്‍ കൂട്ടിച്ചേര്‍ത്തു. ക്ലോനോവോണ്‍ റോഡ് മേഖല ഒഴിവാക്കി യാത്ര ചെയ്യാന്‍ വാഹനഉടമകളോടും, കാല്‍നടക്കാരോടും പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതേസമയം കുടിയേറ്റ വിരുദ്ധ വികാരമായി ഈ പ്രതിഷേധങ്ങള്‍ മാറുമെന്നും ആശങ്കയുണ്ട്.