CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 4 Minutes 40 Seconds Ago
Breaking Now

ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതി; കൃഷ്ണകുമാറിന്റെയും ദിയയുടെയും ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

പരാതിക്കാരായ ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.

ബിസിനസ് സംരംഭകയും ഇന്‍ഫ്ളുവന്‍സറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ എടുത്ത കേസില്‍ ദിയയുടെയും കൃഷ്ണകുമാറിന്റെയും മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി പരിഗണിക്കും. പരാതിക്കാരായ ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നതിന് മുന്‍പ് മ്യൂസിയം പൊലീസ് കഴിഞ്ഞ ദിവസം ദിയയുടെ ഫ്‌ലാറ്റിലെത്തി മൊഴിയെടുത്തിരുന്നു. കേസില്‍ പൊലീസ് ആവശ്യപ്പെട്ട തെളിവുകള്‍ എല്ലാം കൈമാറിയിട്ടുണ്ടെന്നും മറുഭാഗത്തുള്ളവര്‍ എന്ത് തെളിവു കൊണ്ടുവരുമെന്ന് കാണാമെന്നുമാണ് ദിയ മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അതേസമയം കേസില്‍ പരാതിക്കാരായ മൂന്ന് ജീവനക്കാരുടെ മൊഴിയെടുക്കുന്നതിന് വേണ്ടി ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. പരാതിക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവര്‍ ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

നേരത്തെ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. ഇവരെ തട്ടിക്കൊണ്ടുപോയി അപമര്യാദയായി പെരുമാറി എന്നാരോപിച്ചായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ദിയ കൃഷ്ണ, പിതാവും ബിജെപി നേതാവുമായ ജി കൃഷ്ണകുമാര്‍, സുഹൃത്ത് സന്തോഷ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജീവനക്കാര്‍ പരാതി നല്‍കുന്നതിന് മുമ്പ് സ്ഥാപനത്തിലെ സാമ്പത്തിക തിരിമറി ചൂണ്ടിക്കാട്ടി പരാതിക്കാരായ ജീവനക്കാര്‍ക്കെതിരെ ദിയ കൃഷ്ണ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കൃഷ്ണകുമാറും ദിയയും സ്ഥാപനത്തിലെ ജീവനക്കാരും രംഗത്തെത്തി. കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ജീവനക്കാര്‍ ഉന്നയിച്ചത്. സംഭവം ചര്‍ച്ചയായതോടെ ജീവനക്കാര്‍ കുറ്റം സമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണകുമാറിന്റെ കുടുംബം ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.