
















യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളി 2025 ന്റെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം റോഥര്‍ഹാം മാന്‍വേഴ്‌സില്‍ ആഗസ്റ്റ് 30 ശനിയാഴ്ച റോഥര്‍ഹാം മേയര്‍ കൌണ്‍സിലര്‍ റുക്‌സാന ഇസ്മയില്‍ നിര്‍വ്വഹിക്കും. ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി സാംസ്‌ക്കാരിക സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. 31 ടീമുകള്‍ പൊതു വിഭാഗത്തിലും 11 ടീമുകള്‍ വനിത വിഭാഗത്തിലും അണി നിരക്കുന്ന ഏഴാമത് യുക്മ വള്ളംകളി യുകെ മലയാളികള്‍ ഏറെ ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ്.
യുക്മ വള്ളംകളി വേദിയായ മാന്‍വേഴ്‌സ് ലെയ്ക്ക് ഉള്‍പ്പെടുന്ന റോഥര്‍ഹാം സിറ്റി കൌണ്‍സിലിന്റെ മേയറാണ് റുക്‌സാന ഇസ്മയില്‍. നന്നേ ചെറുപ്പത്തില്‍ തന്നെ ലേബര്‍ പാര്‍ട്ടി അംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച റുക്‌സാന ഇസ്മയില്‍ റോഥര്‍ഹാം ഈസ്റ്റ് വാര്‍ഡിനെ പ്രതിനിധീകരിക്കുന്നു. ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി സാംസ്‌കാരിക സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതാണ്.
യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചുള്ള വിവിധ കലാപരിപാടികളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന നൂറ് കണക്കിന് കലാകാരന്‍മാരും കലാകാരികളുമാണ് വേദിയില്‍ അണിനിരക്കുന്നത്. തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി മത്സരം, തിരുവാതിര ഫ്യൂഷന്‍ ഫ്‌ളെയിംസ്, ചിലമ്പ് നാടന്‍പാട്ട് ബാന്‍ഡ്, ചെണ്ടമേളം, തെയ്യം, പുലികളി എന്നിവയോടൊപ്പം വിവിധ തരം നൃത്ത നൃത്യങ്ങള്‍ എന്നിവയൊക്കെ ആസ്വദിക്കുവാന്‍ മുഴുവന്‍ യുകെ മലയാളികളെയും മാന്‍വേഴ്‌സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു.
യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ദേശീയ ഭാരവാഹികളായ ജയകുമാര്‍ നായര്‍, ഷീജോ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ഡാനിയല്‍, സ്മിത തോട്ടം, സണ്ണിമോന്‍ മത്തായി, റെയ്‌മോള്‍ നിധീരി, പീറ്റര്‍ താണോലില്‍, ഡോ.ബിജു പെരിങ്ങത്തറ, ജനറല്‍ കണ്‍വീനര്‍ ഡിക്‌സ് ജോര്‍ജ്ജ്, യുക്മ ദേശീയ സമിതി അംഗങ്ങള്‍, റീജിയണല്‍ ഭാരവാഹികള്‍, പോഷക സംഘടന ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വള്ളംകളിയുടെ അവസാനഘട്ട തയ്യാറെടുപ്പുകള്‍ നടത്തി വരുന്നു.
കുര്യന്‍ ജോര്‍ജജ്
(നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)