
















ഏഴാമത് യുക്മ കേരളപൂരം വള്ളംകളി നാളെ ആഗസ്റ്റ് 30 ശനിയാഴ്ച ഷെഫീല്‍ഡിനടുത്തുള്ള പ്രസിദ്ധമായ റോഥര്‍ഹാമിലെ മാന്‍വേര്‍സ് തടാകത്തില്‍ അരങ്ങേറുകയാണ്. പുരുഷ - വനിതാ വിഭാഗങ്ങളിലായി നാല്പത്തിരണ്ട് ടീമുകള്‍ അണിനിരക്കുന്ന ജലോത്സവം, മലയാള നാടിന്റെ വര്‍ണ്ണങ്ങള്‍ വിരിയിക്കുന്ന പരിച്ഛേദം ബ്രിട്ടന്റെ മണ്ണില്‍ പുനര്‍സൃഷ്ട്ടിക്കുന്ന അപൂര്‍വ്വതക്ക് യു കെ മലയാളികള്‍ സാക്ഷ്യം വഹിക്കും.
പ്രശസ്ത ചലച്ചിത്രതാരം നേഹ സക്സേന കേരളപൂരം വള്ളംകളി - 2025 ന്റെ സമാപന സമ്മേളനത്തില്‍ സെലിബ്രിറ്റി ഗസ്റ്റായി പങ്കെടുക്കും. 2016 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് മമ്മൂട്ടി ചിത്രം കസബയിലൂടെ (സൂസന്‍) മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നേഹ സക്‌സേന, 2017 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ (ജൂലി) എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു. തുടര്‍ന്ന് സഖാവിന്റെ പ്രിയസഖി, പടയോട്ടം, ധമാക്ക, ലാല്‍ബാഗ്, ബ്‌ളഡ് മൂണ്‍ ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നേഹ സക്‌സേന ഇപ്പോള്‍ മലയാളത്തിലും തെലുങ്കിലും നിര്‍മ്മിക്കുന്ന വൃഷഭം എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്ത് കൊണ്ടിരിക്കുകയാണ്.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ പ്രമുഖ ഭാഷകള്‍ക്ക് പുറമെ സംസ്‌കൃതത്തിലും തുളുവിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രശംസ നേടിയ നേഹ സക്‌സേന ഏഴ് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യും. ഏവിയേഷന്‍, ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയില്‍ ജോലി ചെയ്തിരുന്ന നേഹ ടെലിവിഷന്‍ രംഗത്തും മോഡലിംഗിലും ഏറെ ശ്രദ്ധേയയായിരുന്നു.
വള്ളംകളി സമാപന സമ്മേളന വേദിയില്‍ നടക്കുന്ന യുക്മ - തെരേസാസ് ലണ്ടന്‍ 'ഓണച്ചന്തം മലയാളി സുന്ദരി' മത്സരത്തിലെ വിജയിയെ കിരീടം അണിയിക്കുന്നത് സെലിബ്രിറ്റി ഗസ്റ്റ് നേഹ സക്‌സേനയാണ്.
കേരളപൂരത്തിന്റെ സമാപന സമ്മേളനത്തില്‍ യുക്മ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും, നിലവില്‍ ബേസിംഗ്സ്റ്റോക്ക് കൗണ്‍സിലറുമായ സജീഷ് ടോം വിശിഷ്ടടാതിഥിയായി പങ്കെടുക്കും. 2015, 2016 വര്‍ഷങ്ങളില്‍ യുക്മ ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച സജീഷ് ടോം 2021 മുതല്‍ ഹാംഷയര്‍ കൗണ്ടിയിലെ ബേസിംഗ്സ്റ്റോക്ക് ബറോകൗണ്‍സിലില്‍ ലേബര്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചുകൊണ്ട് കൗണ്‍സിലറായി പ്രവര്‍ത്തിക്കുന്നു.
യു കെ പൊതുസമൂഹത്തില്‍ രണ്ട് ദശാബ്ദത്തിലേറെയായി സജീവസാന്നിധ്യമായ സജീഷ്, തുടര്‍ച്ചയായ മൂന്ന് ടേമുകളില്‍ ബേസിംഗ്സ്റ്റോക്ക് മള്‍ട്ടികള്‍ച്ചറല്‍ ഫോറം ട്രഷറര്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും 'മേയേര്‍സ് വോളന്റ്ററി അവാര്‍ഡ്' കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
ബേസിംഗ്സ്റ്റോക്ക് എന്‍ എച്ച് എസ് ഹോസ്പിറ്റലില്‍ അഡ്മിന്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന സജീഷ് ടോം തൊഴിലാളി പ്രസ്ഥാനങ്ങളിലും സജീവമാണ്. യു കെ യിലെ പ്രബല തൊഴിലാളി യൂണിയനായ UNISON ന്റെ ബ്രാഞ്ച് ചെയര്‍പേഴ്‌സണ്‍, ലേബര്‍ലിങ്ക് ഓഫീസര്‍, സൗത്ത് ഈസ്റ്റ് റീജിയണല്‍ ഫിനാന്‍സ് കമ്മറ്റി അംഗം, റീജിയണല്‍ വെല്‍ഫെയര്‍ കമ്മറ്റി അംഗം തുടങ്ങി നിരവധി ചുമതലകള്‍ വിവിധ കാലഘട്ടങ്ങളിലായി സജീഷ് വഹിച്ചിട്ടുണ്ട്. യുക്മ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി എന്നനിലയില്‍ അഭിമാനകരമായി പ്രവര്‍ത്തിച്ച സജീഷ് ടോം, ബേസിംഗ്സ്റ്റോക്ക് കൗണ്‍സിലര്‍ എന്ന നിലയില്‍ കേരളപൂരം സമാപന വേദിയില്‍ വിശിഷ്ടടാതിഥിയായി എത്തുമ്പോള്‍, ഇത് യുക്മയ്ക്കും അഭിമാന മുഹൂര്‍ത്തം.
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി ആര്‍ ഒ ആന്‍ഡ് മീഡിയ കോര്‍ഡിനേറ്റര്‍)