
















ഏഴാമത് യുക്മ കേരളപൂരം വള്ളംകളി നാളെ ആഗസ്റ്റ് 30 ശനിയാഴ്ച ഷെഫീല്‍ഡിനടുത്തുള്ള പ്രസിദ്ധമായ റോഥര്‍ഹാമിലെ മാന്‍വേര്‍സ് തടാകത്തില്‍ അരങ്ങേറുന്നു. പ്രശസ്ത ചലച്ചിത്രതാരം നേഹ സക്സേന സെലിബ്രിറ്റി ഗസ്റ്റായി എത്തുന്നതോടെ കാണികളായി എത്തുന്നവര്‍ക്ക് പ്രശ്‌സതയായ സിനിമാ താരത്തെ നേരില്‍ കാണുവാനുള്ള അവസരവും സംജാതമായിരിക്കുകയാണ്.
പുരുഷ - വനിതാ വിഭാഗങ്ങളിലായി നാല്പത്തിരണ്ട് ടീമുകള്‍ അണിനിരക്കുന്ന ജലോത്സവം, മലയാള നാടിന്റെ വര്‍ണ്ണങ്ങള്‍ വിരിയിക്കുന്ന പരിച്ഛേദം ബ്രിട്ടന്റെ മണ്ണില്‍ പുനര്‍സൃഷ്ട്ടിക്കുന്ന അപൂര്‍വ്വതക്ക് യു കെ മലയാളികള്‍ സാക്ഷ്യം വഹിക്കും.
2016 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് മമ്മൂട്ടി ചിത്രം കസബയിലൂടെ (സൂസന്‍) മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നേഹ സക്‌സേന, 2017 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ (ജൂലി) എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു. തുടര്‍ന്ന് ആറാട്ട്, സഖാവിന്റെ പ്രിയസഖി, പടയോട്ടം, ധമാക്ക, ലാല്‍ബാഗ്, ബ്‌ളഡ് മൂണ്‍ ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നേഹ സക്‌സേന ഇപ്പോള്‍ മലയാളത്തിലും തെലുങ്കിലും നിര്‍മ്മിക്കുന്ന വൃഷഭം എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്ത് കൊണ്ടിരിക്കുകയാണ്.
സെയ്ഫ് അലിഖാന്‍ നായകനായെത്തിയ ഷെഫ് (ഹിന്ദി), റിക്ഷാ ഡ്രൈവര്‍ (തുളു), വണ്‍ ടൈം (കന്നട) വന്‍മുറൈ (തമിഴ്), പ്രേമകു ചാവുകു (തെലുങ്ക്), മൃഛകടികം (സംസ്‌കൃതം) എന്നിങ്ങനെ വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ നേഹ സക്‌സേന തന്റെ അഭിനയ പാടവം കാഴ്ച വെച്ചു.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ പ്രമുഖ ഭാഷകള്‍ക്ക് പുറമെ സംസ്‌കൃതത്തിലും തുളുവിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രശംസ നേടിയ നേഹ സക്‌സേന ഏഴ് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യും. ഏവിയേഷന്‍, ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയില്‍ ജോലി ചെയ്തിരുന്ന നേഹ ടെലിവിഷന്‍ രംഗത്തും മോഡലിംഗിലും ഏറെ ശ്രദ്ധേയയായിരുന്നു.
വള്ളംകളി സമാപന സമ്മേളന വേദിയില്‍ നടക്കുന്ന യുക്മ - തെരേസാസ് ലണ്ടന്‍ 'ഓണച്ചന്തം മലയാളി സുന്ദരി' മത്സരത്തിലെ വിജയിയെ കിരീടം അണിയിക്കുന്നത് സെലിബ്രിറ്റി ഗസ്റ്റ് നേഹ സക്‌സേനയാണ്.
വള്ളംകളിയും അനുബന്ധ കലാപരിപാടികളും ആസ്വദിക്കുവാന്‍ മുഴുവന്‍ യുകെ മലയാളികളേയും മാന്‍വേഴ്‌സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു.
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി ആര്‍ ഒ ആന്‍ഡ് മീഡിയ കോര്‍ഡിനേറ്റര്‍)