
















ബ്രിട്ടനിലെ വിലക്കയറ്റത്തില്‍ നട്ടംതിരിയുകയാണ് ജനങ്ങള്‍. കുറഞ്ഞ വരുമാനമുള്ള ജനങ്ങളെ പണപ്പെരുപ്പം പിഴിയുകയാണ്. ഇതിനിടയിലാണ് പെട്രോള്‍ പമ്പുകളിലും വില ഉയരാനുള്ള വഴിതെളിയുന്നതായി റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ഡൗണിംഗ് സ്ട്രീറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായി വരുന്ന വ്യക്തിയുടെ നിലപാടുകളാണ് ഈ അവസ്ഥയിലേക്ക് വഴിതെളിക്കുമെന്ന് ആശങ്ക സമ്മാനിക്കുന്നത്. ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിച്ച് നിര്‍ത്തുന്നതും, 5 പെന്‍സ് കുറച്ചതുമൊന്നും ഇഷ്ടപ്പെടാത്ത ട്രഷറി ഉദ്യോഗസ്ഥനാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മരറുടെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറിയായി സ്ഥാനമേല്‍ക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
കേവലം പത്ത് മാസം ഈ പദവിയിലിരുന്ന നിന്‍ പണ്ഡിറ്റിനെ നീക്കി പകരം ഡാന്‍ യോര്‍ക്ക് സ്മിത്തിനെ അവരോധിക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫ്യൂവല്‍ ഡ്യൂട്ടി വെട്ടിച്ചുരുക്കുന്നതിനും, മരവിപ്പിക്കുന്നതിനും എതിരായി നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥന്‍ ഡൗണിംഗ് സ്ട്രീറ്റില്‍ എത്തുമ്പോള്‍ ഇത് പ്രാവര്‍ത്തികമാക്കുമെന്നാണ് ഭീതി.
ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് തന്റെ കഴിഞ്ഞ ബജറ്റിലും പമ്പുകളിലെ നിരക്കുകള്‍ മരവിപ്പിച്ച് നിര്‍ത്താനും, 5 പെന്‍സ് താല്‍ക്കാലിക കുറയ്ക്കല്‍ നിലനിര്‍ത്താനും തയ്യാറായിരുന്നു.