
















എപ്പിംഗിലെ ഹോട്ടലില്‍ പാര്‍പ്പിച്ചിട്ടുള്ള അഭയാര്‍ത്ഥികളെ പുറത്താക്കാനുള്ള വിധി അപ്പീല്‍ കോടതി വഴി തടഞ്ഞ ഗവണ്‍മെന്റിന് വെല്ലുവിളിയുമായി കൂടുതല്‍ കൗണ്‍സിലുകള്‍. ഹോട്ടലുകളില്‍ നിന്നും അഭയാര്‍ത്ഥികളെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച കൗണ്‍സിലുകളുടെ എണ്ണം 19-ലേക്കാണ് ഉയര്‍ന്നിരിക്കുന്നത്.
അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിട്ടുള്ള ഹോട്ടലുകള്‍ക്ക് എതിരായ പ്രതിഷേധങ്ങള്‍ രാജ്യവ്യാപകമായി പടരുന്നതിനിടെയാണ് ഇത്. ന്യൂകാസില്‍, സ്വിന്‍ഡണ്‍, ഫാല്‍കിര്‍ക്ക് എന്നിങ്ങനെ വിവിധ പട്ടണങ്ങളിലും, നഗരങ്ങളിലുമായി രോഷാകുലരായ പ്രതിഷേധക്കാര്‍ മൈഗ്രന്റ് ഹോട്ടലുകള്‍ക്ക് പുറത്ത് ഒത്തുകൂടി. എസെക്‌സിലെ താമസസ്ഥലത്ത് നിന്നും 138 അഭയാര്‍ത്ഥികളെ പുറത്താക്കാനുള്ള ഉത്തരവിന് സ്റ്റേ വാങ്ങിയ ഗവണ്‍മെന്റ് നടപടി രോഷം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്.
ബ്രിട്ടീഷുകാര്‍ക്ക് പകരം അഭയാര്‍ത്ഥികളുടെ പക്ഷം പിടിക്കുന്ന ഗവണ്‍മെന്റാണ് ബ്രിട്ടന്‍ ഭരിക്കുന്നതെന്ന് മുതിര്‍ന്ന ടോറികള്‍ ആരോപണം കടുപ്പിക്കുകയാണ്. ഇതിനിടെയാണ് കൂടുതല്‍ കൗണ്‍സിലുകള്‍ അഭയാര്‍ത്ഥി ഹോട്ടലുകള്‍ക്ക് എതിരായ പോരാട്ടത്തില്‍ പങ്കുചേരാന്‍ രംഗത്തിറങ്ങുന്നത്.
തങ്ങള്‍ ഭരിക്കുന്ന 12 കൗണ്‍സിലുകളും പ്രദേശിക ഹോട്ടലുകളില്‍ അഭയാര്‍ത്ഥി അപേക്ഷകരെ താമസിപ്പിക്കുന്നത് തടയാനുള്ള നിയമസാധ്യതകള്‍ തേടുകയാണെന്ന് റിഫോം യുകെ വ്യക്തമാക്കി. അപ്പീല്‍ കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ അഭയാര്‍ത്ഥികള്‍ക്ക് മുന്നില്‍ ഹോട്ടലുകളുടെ വാതിലടയ്ക്കാനുള്ള നീക്കങ്ങളില്‍ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് വെസ്റ്റ് നോര്‍ത്താംപ്ടണ്‍ഷയര്‍ നേതാവ് മാര്‍ക്ക് ആര്‍ണല്‍ പറഞ്ഞു.