
















എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ കോറിഡോര്‍ പരിചരണം മുന്‍കാലങ്ങളില്‍ ഏതെങ്കിലും ഒരു സമയത്ത് നേരിട്ടിരുന്ന പ്രതിസന്ധിയായിരുന്നു. വിന്റര്‍ പോലുള്ള മാസങ്ങളില്‍ തിരക്കേറുമ്പോഴാണ് ഇതിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ ദുരവസ്ഥ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രതിസന്ധിയായി മാറിയിട്ടുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സമ്മറിലെ ആദ്യ രണ്ട് മാസങ്ങളില്‍ എ&ഇയിലേക്ക് 3 മില്ല്യണോളം രോഗികളാണ് ചികിത്സ തേടി എത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2015 മുതല്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ എ&ഇയിലേക്ക് പോകുന്ന ആളുകളുടെ എണ്ണത്തില്‍ 15% വര്‍ദ്ധന നേരിട്ട് 2.9 മില്ല്യണില്‍ എത്തിയെന്ന് എന്‍എച്ച്എസിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദശകത്തിനിടെ നേരിട്ട ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡാണിത്. 
ഒരു ദശകം മുന്‍പ് 12 മണിക്കൂര്‍ ട്രോളി കാത്തിരിപ്പ് ഒരിക്കലും ഇല്ലാത്ത സംഭവമായിരുന്നു. 2015 ജൂണ്‍, ജൂലൈ മാസങ്ങളില്‍ കേവലം 47 കേസുകളാണ് ഈ വിധം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 2025 ജൂണിലേക്ക് എത്തുമ്പോള്‍ ഇത് 38,683 കേസുകളായി ഉയര്‍ന്നു. എ&ഇയില്‍ എത്തുന്ന 7.2% രോഗികള്‍ക്ക് 12 മണിക്കൂറും, അതിലേറെയും കാത്തിരിക്കേണ്ടി വന്നുവെന്നതാണ് അവസ്ഥ.
74,150 രോഗികള്‍ക്ക് ചുരുങ്ങിയത് 12 മണിക്കൂറെങ്കിലും ഈ രണ്ട് മാസങ്ങളില്‍ പ്രവേശനത്തിനായി കാത്തിരിക്കേണ്ടി വന്നു. അതേസമയം വിവിധ ആശുപത്രികളില്‍ ഈ കാത്തിരിപ്പിന്റെ ദൈര്‍ഘ്യവും വ്യത്യാസമുണ്ട്. എന്‍എച്ച്എസില്‍ ഇതൊരു സ്ഥിരം പ്രതിസന്ധിയായി മാറുന്നുവെന്ന സൂചനയാണ് എന്‍എച്ച്എസ് കണക്കുകള്‍ നല്‍കുന്നതെന്ന് ലിബറല്‍ ഡെമോക്രാറ്റ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ വക്താവ് ഹെലെന്‍ മോര്‍ഗന്‍ പറഞ്ഞു.