CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 30 Seconds Ago
Breaking Now

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, യുക്മ ഫെസ്റ്റിന് അരങ്ങുണരാന്‍ ഇനി മൂന്ന് നാളുകള്‍

ജൂലൈ 27ന് നോര്‍ത്താംപ്ടനില്‍ വച്ച് നടക്കുന്ന യുക്മയുടെ ഫാമിലി ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. വൻ പ്രതികരണമാണ് അംഗ അസോസിയേഷനുകളുടെയും അഭ്യുദയകാംക്ഷികളുടെയും ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. ശ്രീ.ബിന്‍സ് ജോര്‍ജും, ശ്രീ.ബിനു മാത്യുവും, ശ്രീ.റോയ്‌ ഫ്രാന്‍സിസും നേതൃത്വം കൊടുക്കുന്ന ഈസ്റ്റ്‌ ആന്‍ഡ്‌ വെസ്റ്റ് മിഡ്ലാന്‍ഡ്‌ റീജിയനില്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് അംഗത്വം എടുത്ത മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്താംപ്ടന്‍ (MAN) ആണ് ഇതിന്‍റെ ആതിഥേയത്വം വഹിക്കുന്നത്.

ശ്രീ.തോമസ്‌ കോശിയും ശ്രീ സുരേഷ് കുമാറും നേതൃത്വം കൊടുക്കുന്ന ഈ സംഘടന കഴിഞ്ഞ രണ്ടു മാസമായി ഈ പരിപാടി ഭംഗിയാക്കുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. വേനലവധിക്കാലത്ത് തങ്ങളുടെ കുട്ടികളുമായി കുടുംബസമേതം ഈ കുടുംബസംഗമത്തില്‍ പങ്ക് എടുക്കുമ്പോള്‍ കണ്ണിനും കാതിനും ഇമ്പം പകരുന്ന ഒട്ടനവധി കലാരൂപങ്ങളെ കോര്‍ത്തിണക്കി കൊണ്ടുള്ള കലാവിരുന്ന് ആണ് ഇരുപത്തിയേഴാം തീയതി അവിടെ അരങ്ങേറാന്‍ പോകുന്നത്.


ഈ യുക്മ ഫെസ്റ്റില്‍ വച്ച് യുക്മയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളില്‍ സജീവമായി സംഭാവനകള്‍ നല്കിയിട്ടുള്ള വ്യക്തികളേയും സ്ഥാപനങ്ങളേയും അസോസിയേഷനുകളെയും ആദരിക്കുന്നതാണ്. യുക്മ വിന്‍റര്‍ കോമ്പറ്റീഷനില്‍ വിജയിച്ചവരെയും സ്പോര്‍ട്സ് മീറ്റിലെ വ്യക്തിഗത ചാമ്പ്യന്മാരെയും നാഷണല്‍ കലാമേളയില്‍ മികവ് പുലര്‍ത്തിയവരേയും ഈ വേദിയില്‍ ആദരിക്കും. യുക്മയുടെ ആരംഭകാലം തൊട്ട് തുടങ്ങാന്‍ ആഗ്രഹിച്ച ചാരിറ്റീ പ്രവര്‍ത്തനത്തിന്‍റെ ഉദ്ഘാടനവും ഈ വേദിയില്‍ വച്ച് നടത്തപ്പെടുകയാണ്. ഇന്ന് ജീവിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ മനുഷ്യസ്നേഹി എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ബഹു. ഫാ.ഡേവിഡ്‌ ചിറമേല്‍ പുതിയതായി രൂപികരിക്കപ്പെട്ട യുക്മ ചാരിറ്റി ഫൗണ്ടേഷന്‍റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കും.

ഈ യുക്മഫെസ്റ്റിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്‌ പ്രശസ്ത സിനിമ സംവിധായകനായ റഫീഖ് റാവുത്തര്‍ ആണ്. ഇ എംഎസ്സും പെണ്‍കുട്ടിയും എന്ന സിനിമയിലേക്കുള്ള താരങ്ങള്‍ക്കായുള്ള ഓഡീഷനും യുക്മ ഫെസ്റ്റ് 2013 ന്‍റെ വേദിയില്‍ വച്ച് നടത്തപ്പെടും. ഇത്രയേറെ വിപുലമായ ഒരുക്കത്തില്‍ യുക്മ ആവിഷ്കരിച്ചിരിക്കുന്ന ഈ പ്രോഗ്രാമില്‍ വന്നെത്തുന്ന എല്ലാവരുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിന് ആതിഥ്യം വഹിക്കുന്ന നോര്‍ത്താംപ്ടന്‍ മലയാളി അസോസിയേഷന്‍റെ മുഴുവന്‍ അംഗങ്ങളും തയ്യാര്‍ എടുത്തുകഴിഞ്ഞു. യുക്മയുടെ ഈ പരിപാടിയിലേക്കു കോര്‍ഡിനേഷന്‍ കമ്മിറ്റിയിലെ നാഷണല്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഓരോ പ്രത്യേക കാര്യങ്ങളുടെ ചുമതല ഏല്‍ക്കാന്‍ യുക്മ റീജിയനല്‍ ഭാരവാഹികളും തയ്യാര്‍ ആയി കഴിഞ്ഞു. മൌള്‍ട്ടന്‍ സ്കൂള്‍ ആന്‍ഡ്‌ സയന്‍സ് കോളേജിലെ മെയിന്‍ ഹാളില്‍ കലാപരിപാടികളും പൊതുസമ്മേളനവും നടക്കുമ്പോള്‍ കുട്ടികള്‍ക്കു വേണ്ടി മാജിക്‌ ഷോ, ഫേസ് പെയിന്റിംഗ്, ഔട്ട്‌ ബോള്‍ ഗെയിംസ് എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഓരോയിടത്തും നടക്കുന്ന പരിപാടികളേയും പങ്കെടുക്കുന്നവരെയും സഹായിക്കുന്നതിനു വേണ്ടി സാംസ്‌കാരിക വേദി കണ്‍വീനര്‍ എബ്രഹാം ജോര്‍ജ്, ഈസ്റ്റ്‌ ആന്‍ഡ്‌ വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് റീജിയനല്‍ പ്രസിഡന്റ് ബിന്‍സ് ജോര്‍ജ്, സെക്രട്ടറി ബിനു മാത്യു, ഈസ്റ്റ്‌ ആന്‍ഗ്ലിയ പ്രസിഡന്റ് ജോര്‍ജ്ജ് പൈലി, സെക്രട്ടറി തോമസ്‌ മാറാട്ട്കളം, സൗത്ത് ഈസ്റ്റ്‌ സൗത്ത് വെസ്റ്റ് റീജിയനല്‍ പ്രസിഡന്റ്‌ ടോം തോമസ്‌, സെക്രട്ടറി അജു എബ്രഹാം, വെയില്‍സ്‌ റീജിയനല്‍ പ്രസിഡന്റ്‌ പീറ്റര്‍ റെജി, നോര്‍ത്ത് വെസ്റ്റ് റീജിയനല്‍ പ്രസിഡന്റ്‌ സോണി ചാക്കോ, യോര്‍ക്ക്ഷയര്‍ ആന്‍ഡ്‌ ഹംപര്‍ റീജിയനല്‍ സെക്രട്ടറി അജിത് പാലിയത്ത് എന്നിവരെ കൂടാതെ മറ്റു റീജിയനല്‍ കമ്മിറ്റി അംഗങ്ങളും തയ്യാറായി കഴിഞ്ഞു. യുക്മ ഫെസ്റ്റിന്‍റെ വേദിയില്‍ വച്ചായിരിക്കും ഓരോ പരിപാടിയുടെയും ചുമതലകള്‍ ഓരോ ടീമിനായി ഏല്പിക്കുന്നത്.

ആതിഥേയ അസോസിയേഷനും റീജിയനല്‍ കമ്മിറ്റികളും അംഗ അസോസിയേഷനുകളും നാഷണല്‍ കമ്മിറ്റിയും ഒത്തൊരുമയോടെ പ്രോഗ്രാം കോര്‍ഡിനേറ്ററിന്‍റെ സഹായത്തോടെ അണിയിച്ചൊരുക്കുന്ന യുക്മ ഫെസ്റ്റ് 2013 സംഘാടക മികവിന്‍റെ മകുടോദാഹരണമായിരിക്കുമെന്ന് സംശയമില്ല. യുക്മ ഫെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഭക്ഷണസൗകര്യം, പാര്‍ക്കിംഗ് സൗകര്യം എന്നിവയും പ്രവേശനം സൗജന്യമായ ഈ വേദിയില്‍ ലഭ്യമാണ്. ഈ യുക്മഫെസ്റ്റ് വിജയിപ്പിക്കുവാന്‍ എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു. 

വേദിയുടെ അഡ്രസ്‌ താഴെ കൊടുത്തിരിക്കുന്നു:

Moultan School and Science College,

Pound Lane, Moulton,

Northampton NN3 7SD




കൂടുതല്‍വാര്‍ത്തകള്‍.