
















കോട്ടയം കുറവിലങ്ങാട് നിന്നും കാണാതായ സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൃതദേഹം ഇടുക്കി കരിമണ്ണൂര്‍ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഭര്‍ത്താവ് സാം കെ. ജോര്‍ജിനെ കുറുവലങ്ങാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കഴിഞ്ഞ മാസം 26നായിരുന്നു കാണക്കാരി കപ്പടക്കുന്നേല്‍ വീട്ടില്‍ 50 വയസുകാരി ജെസി സാമിനെ കാണാതാകുന്നത്. വിദേശത്തുള്ള മക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ 29ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് സാമിന് പങ്കുണ്ടെന്ന് മനസിലാക്കി.
ഭര്‍ത്താവ് സാമിനെയും കാണാതായതോടെ പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ഇന്നലെ ഇയാളെ കുറുവിലങ്ങാട് പോലീസ് ബംഗളൂരുവില്‍ നിന്ന് പിടികൂടുകയായിരുന്നു. പിന്നീട് ചോദ്യം ചെയ്യലിലാണ് ഇയാള്‍ മൃതദേഹം തൊടുപുഴ ചെപ്പുകുളം കൊക്കയില്‍ തള്ളിയതായി പോലീസിനു മൊഴിനല്‍കിയത്. ഇരുവരുടെയും വിവാഹബന്ധത്തില്‍ 2005 മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു പൊലീസ് പറയുന്നു. വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനായുള്ള കേസ് പാലാ കോടതിയില്‍ നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു. സാമിന് വിദേശികളും സ്വദേശികളുമായുള്ള പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട ജെസ്സിയുടെ അഭിഭാഷകന്‍ പറഞ്ഞു. വിവാഹമോചന കേസ് നടക്കുന്നുണ്ടെങ്കിലും ഇരുവരും വീടിന്റെ രണ്ടുനിലയിലായായിരുന്നു താമസം എന്നും അഭിഭാഷകന്‍.
വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം വൈകീട്ടോടെയാണ് കസ്റ്റഡിയില്‍ ഉള്ള സാമുമായി ഇടുക്കി കരിമ്മണ്ണൂര്‍ ചെപ്പുകുളത്ത് എത്തിയത്. പിന്നീട് ഒന്നരമണിക്കൂറ് നീണ്ട പരിശ്രമത്തിനൊടുവില്‍ കൊക്കയില്‍ നിന്നും തൊടുപുഴ അഗ്‌നിരക്ഷാ സേനാ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.