
















ശബരിമല സ്വര്‍ണപ്പാളി വിവാദത്തിലെ ആരോപണങ്ങള്‍ നിഷേധിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. ഇന്നലെ ദേവസ്വം വിജിലന്‍സ് നടത്തിയ മൊഴിയെടുപ്പിലാണ് ആരോപണങ്ങളെ പാടേ തള്ളി ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയത്. സ്വര്‍ണപ്പാളി ഉപയോഗിച്ച് പണം പിരിച്ചിട്ടില്ലെന്നും സ്വര്‍ണം പൂശാന്‍ 15 ലക്ഷമായെന്നും ആ ചെലവ് വഹിച്ചത് താനടക്കം മൂന്ന് പേരാണെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കി.
അറ്റകുറ്റപണിക്കായി കൊണ്ടുപോയ സ്വര്‍ണപ്പാളി ചെന്നൈയിലെത്തിക്കാന്‍ വൈകിയത് സാങ്കേതിക തടസങ്ങളാലാണെന്നാണ് ന്യായീകരണം. സഹായിയായ വാസുദേവന്‍ കള്ളം പറഞ്ഞതാണെന്നും പോറ്റി മൊഴി നല്‍കി.
സ്വര്‍ണം പൂശാന്‍ തന്ന പീഠം യോജിക്കാതെ വന്നപ്പോള്‍ വാസുദേവന് കൈമാറുകയായിരുന്നു. ഇത് പിന്നീട് സന്നിധാനത്തേക്ക് കൈമാറി എന്നാണ് വാസുദേവന്‍ തന്നോട് പറഞ്ഞത്. വിവാദമായ ശേഷമാണ് തനിക്ക് പീഠം കൈമാറിയത്. കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് പാളികള്‍ കൈപ്പറ്റിയതെന്നും പോറ്റി ദേവസ്വം വിജിലന്‍സിനോട് പറഞ്ഞു. പണപ്പിരിവ് സംബന്ധിച്ച ആരോപണങ്ങളിലും പോറ്റി കൂടുതല്‍ വിശദീകരണം നല്‍കി. നടത്തിയത് പ്രാര്‍ത്ഥനകളും പൂജകളും മാത്രമാണെന്നും പാളികള്‍ ഉപയോഗിച്ചുകൊണ്ട് പണപ്പിരിവ് നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൂജകള്‍ പോലും നടത്തിയത് സ്വന്തം ചിലവിലായിരുന്നെന്നും അദ്ദേഹം നല്‍കിയ മൊഴിയിലുണ്ട്.
പാളികള്‍ കൈമാറിയപ്പോള്‍ എന്ന് ചെന്നൈയില്‍ എത്തിക്കണമെന്ന് പറഞ്ഞിട്ടില്ല. തിരികെ ഏല്‍പ്പിക്കണമെന്ന് പറഞ്ഞ സമയത്തിനുള്ളില്‍ നല്‍കി.സെപ്റ്റംബര്‍ 19 ന് തിരികെ ഏല്‍പ്പിക്കണമെന്ന് പറഞ്ഞെങ്കിലും 8 ദിവസം മുന്‍പായി സെപ്റ്റംബര്‍ 11 ന് പാളികള്‍ തിരിച്ചുനല്‍കി. ചെമ്പ് പാളികള്‍ക്ക് കൊടുക്കേണ്ട പ്രാധാന്യം മാത്രമേ താന്‍ കൊടുത്തിട്ടുള്ളൂവെന്നും പോറ്റി വിജിലന്‍സിനോട് പറഞ്ഞു.