
















ക്രിസ്മസ് സീസണിലേക്ക് ചുവടുവെയ്ക്കുകയാണ് ബ്രിട്ടന്‍. കാലാവസ്ഥ തണുപ്പ് കാലത്തിന്റെ വരവറിയിച്ച് താപനില കുറച്ചിരിക്കുന്നു. തണുപ്പിന്റെ ശാന്തത അനുഭവിച്ച് ഞായറാഴ്ചയുടെ പുലര്‍കാലം കണ്ണുതുറക്കുമ്പോള്‍ ഞെട്ടിക്കുന്ന വാര്‍ത്തയാണ് രാജ്യത്തെ കാത്തിരുന്നത്. കേംബ്രിഡ്ജ്ഷയറില്‍ ഹണ്ടിംഗ്ഡണ് സമീപം ട്രെയിനില്‍ തീവ്രവാദി അക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കത്തി അക്രമത്തില്‍ ഒന്‍പത് പേരാണ് ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലായത്. സംഭവസ്ഥലത്ത് നിന്നും രണ്ട് പേരെ പോലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ഒന്‍പത് പേര്‍ക്ക് ഗുരുതരമായ പരുക്കുകളാണ് ഏറ്റിട്ടുള്ളത്. ഒരാളുടെ നില അതീവ ഗുരുതരമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ലെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഞായറാഴ്ച പുലര്‍ച്ചെ സ്ഥിരീകരിച്ചു. 
ഗുരുതര സംഭവമെന്ന് പ്രഖ്യാപിച്ച അക്രമത്തില്‍ തീവ്രവാദ വിരുദ്ധ പോലീസ് അന്വേഷണം ആരംഭിച്ചു. തീവ്രവാദി അക്രമണത്തിന് പിന്നാലെ 'കോഡ് പ്ലാറ്റോ' പ്രഖ്യാപിച്ചിരുന്നു. പീറ്റര്‍ബറോയില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ടതിന് പിന്നാലെയാണ് അക്രമണം ആരംഭിച്ചതെന്നാണ് കരുതുന്നത്. വലിയ കത്തിയുമായി അക്രമി വന്നതോടെ യാത്രക്കാര്‍ ടോയ്‌ലെറ്റിലും മറ്റുമായി ഒളിക്കേണ്ടി വന്നു. 
ലണ്ടന്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വെയുടെ ഡോങ്കാസ്റ്റര്‍ മുതല്‍ ലണ്ടന്‍ കിംഗ്‌സ് ക്രോസ് വരെയുള്ള സര്‍വ്വീസ് നിര്‍ത്തിയപ്പോള്‍ ഓഫീസര്‍മാര്‍ കുതിച്ചെത്തി. കേംബ്രിഡ്ജ്ഷയര്‍ പട്ടണത്തിലെ പ്ലാറ്റ്‌ഫോമില്‍ കത്തിയുമായി നിന്ന ഒരാളെ ടേസര്‍ ചെയ്ത് വീഴ്ത്തിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 
കത്തിക്കുത്ത് അരങ്ങേറിയതോടെ കംപാര്‍ട്ട്‌മെന്റ് ചോരയില്‍ നിറഞ്ഞതായി യാത്രക്കാര്‍ വെളിപ്പെടുത്തി. എല്ലായിടത്തും രക്തമായിരുന്നു. ഒരു സിനിമയില്‍ കാണുന്നത് പോലെയായി. രക്ഷപ്പെടാന്‍ ശ്രമിച്ച് ആളുകള്‍ മറിഞ്ഞ് വീണത് കൂടുതല്‍ ദുരിതം സൃഷ്ടിക്കുകയും ചെയ്‌തെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു.