
















മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ തള്ളി പാര്‍ട്ടി നേതൃത്വം. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ആവാം, എന്നാല്‍ വിമര്‍ശനങ്ങള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാന്‍ പാടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഭരണകൂടത്തിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവന്‍ ആയതുകൊണ്ടാണ് പിഎം ശ്രീയില്‍ ഒപ്പുവെച്ചതെന്നായിരുന്നു പിഎംഎ സലാമിന്റെ അധിക്ഷേപ പരാമര്‍ശം. വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു സലാം ഇത്തരം പരാമര്‍ശം നടത്തിയത്. 'ഹൈന്ദവ തത്വങ്ങളും വികലമായ വീക്ഷണങ്ങളും പഠിപ്പിക്കാനുള്ള ഹൈന്ദവത്വം പ്രചരിപ്പിക്കുന്ന തീവ്രഹിന്ദുത്വ വാദം പ്രചരിപ്പിക്കുന്ന വിദ്യാഭ്യാസ നയം കൊണ്ടുവരാന്‍ ഒപ്പിട്ടിരിക്കുന്ന സാഹചര്യമാണ് കേരളത്തിലുണ്ടായിട്ടുള്ളത്. അതിനെ എതിര്‍ക്കുന്ന മുഖ്യമന്ത്രിമാര്‍ ഇന്ത്യയിലുണ്ട്. പതിനായിരം കോടി രൂപ തന്നാലും ഇത്തരം വര്‍ഗീയ വിഷം തങ്ങളുടെ സംസ്ഥാനത്തേക്ക് കൊണ്ടുവരില്ലെന്ന് വനിതാ മുഖ്യമന്ത്രിയായ പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി പറഞ്ഞിട്ടുണ്ട്. കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടതുകൊണ്ടാണ് അതില്‍ ഒപ്പിട്ടത്. ഒന്നുകില്‍ മുഖ്യമന്ത്രി ആണോ അല്ലെങ്കില്‍ പെണ്ണോ ആകണം. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനം' എന്നായിരുന്നു സലാമിന്റെ പ്രസംഗം.