
















വീട് വാടകയ്ക്ക് നല്‍കുന്നതിന് പെര്‍മിറ്റ് ആവശ്യമാണെന്ന് തനിക്ക് അറിവുണ്ടായില്ലെന്നാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ അവകാശവാദം. എന്നാല്‍ ഒന്നിന് പകരം രണ്ട് എസ്റ്റേറ്റ് ഏജന്റുമാരാണ് ഫാമിലി ഭവനം വാടകയ്ക്ക് നല്‍കുമ്പോള്‍ ലൈസന്‍സ് വേണമെന്ന് ഉപദേശം നല്‍കിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സൗത്ത് ലണ്ടനിലെ പ്രോപ്പര്‍ട്ടി പ്രതിമാസം 3200 പൗണ്ടിന് വാടകയ്ക്ക് നല്‍കിയത് നിയമപരമായി നേടേണ്ട ലൈസന്‍സ് ഇല്ലാതെയാണെന്ന് കഴിഞ്ഞ ആഴ്ച വ്യക്തമായതോടെയാണ് ചാന്‍സലര്‍ വിവാദത്തില്‍ ചാടിയത്. എന്നാല്‍ തനിക്ക് ഈ നിയമത്തെ കുറിച്ച് അറിവുണ്ടായില്ലെന്നാണ് കീര്‍ സ്റ്റാര്‍മറോട് ചാന്‍സലര്‍ പറഞ്ഞ ന്യായം.
ഈ വാദങ്ങള്‍ പൊളിച്ച് ലെറ്റിംഗ് ഏജന്‍സിയായ ഹാര്‍വി & വീലറും റീവ്‌സിന്റെ ഭര്‍ത്താവും തമ്മിലുള്ള ഇമെയില്‍ സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ ലൈസന്‍സ് നേടേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ മറ്റൊരു സ്ഥാപനവും ലൈസന്‍സ് വേണമെന്ന് ഉപദേശിച്ചിരുന്നതായാണ് മെയില്‍ വെളിപ്പെടുത്തല്‍. 
ലെറ്റിംഗ് ഏജന്‍സിയെ സമീപിക്കുന്നതിന് മുന്‍പ് റീവ്‌സും, ഭര്‍ത്താവും ഒരു ബ്ലൂചിപ്പ് എസ്റ്റേറ്റ് ഏജന്‍സിയായ നൈറ്റ് ഫ്രാങ്കിനെ സമീപിച്ചിരുന്നുവെന്നും, ഇവര്‍ ലൈസന്‍സിന്റെ ആവശ്യകത അറിയിച്ചിരുന്നതായും ശ്രോതസ്സുകളെ ഉദ്ധരിച്ച് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ നിയമങ്ങള്‍ അറിവില്ലെന്ന ചാന്‍സലറുടെ വാദമാണ് ചോദ്യങ്ങള്‍ നേരിടുന്നത്. ഇമെയില്‍ പരിശോധിക്കാതെ നടപടിയെടുത്തതാണെന്ന വാദം ഉന്നയിച്ചാണ് സ്റ്റാര്‍മര്‍ ചാന്‍സലറെ പിന്തുണച്ചത്. എന്നാല്‍ പുതിയ വെളിപ്പെടുത്തല്‍ വന്നതോടെ റീവ്‌സിനെതിരെ അന്വേഷണവും, നടപടിയും വേണമെന്ന് ടോറികള്‍ ആവശ്യപ്പെടുന്നു.
ഇതിനിടെ ബജറ്റിന് ശേഷം സ്റ്റാര്‍മറുടെ നേതൃസ്ഥാനം തെറിപ്പിക്കാന്‍ ലേബര്‍ എംപിമാരില്‍ ഒരു വിഭാഗം പദ്ധതിയിടുന്നതായാണ് സൂചന. പാര്‍ട്ടിയുടെ ജനപിന്തുണ ചില സര്‍വ്വെകളില്‍ ഗ്രീന്‍ പാര്‍ട്ടിക്ക് പിന്നിലേക്ക് വരെ പോകുന്ന ഘട്ടത്തില്‍ പുതിയ നേതാവിനെ കണ്ടെത്താനാണ് എംപിമാരുടെ നീക്കം.