
















ചെങ്കോട്ട സ്ഫോടനത്തിന് കാരണമായ ഹരിയാന രജിസ്ട്രേഷനിലുള്ള ശ20 ഹ്യുണ്ടായ് കാറിന്റെ ഉടമ കസ്റ്റഡിയില്‍. എന്നാല്‍ കാര്‍ മറ്റൊരാള്‍ക്ക് വിറ്റെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ഇയാള്‍ പുല്‍വാമയിലെ താരിഖ് എന്നയാള്‍ക്ക് കാര്‍ വിറ്റെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. കാര്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും വ്യാജ രേഖകള്‍ നിര്‍മിച്ചെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ കാറിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
സ്ഫോടനത്തില്‍ 13 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്. രണ്ട് കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് സൂചന. ആഭ്യന്തരമന്ത്രി അമിത്ഷാ പരിക്കേറ്റവരെ എല്‍എന്‍ജിപി ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.
സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. അയല്‍സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമിത്ഷായില്‍ നിന്ന് വിവരങ്ങള്‍ തേടിയ പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിവരിച്ചു. കേരളത്തില്‍ റയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി.