
















ഡല്‍ഹി ചെങ്കോട്ടയില്‍ സ്‌ഫോടനത്തില്‍ തകര്‍ന്ന കാര്‍ ഓടിച്ചിരുന്നത് ഫരീദാബാദില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഡോ. ഉമര്‍ മുഹമ്മദെന്ന് പൊലീസ് നിഗമനം. കാര്‍ ചെങ്കോട്ടയിലും പരിസര പ്രദേശങ്ങളിലും കറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
ജനത്തിരക്കേറിയ വൈകുന്നേരം ഈ വാഹനം ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലുണ്ടായിരുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്ഫോടനം നടന്നത് വൈകിട്ട് 6.52നാണ്. എന്നാല്‍ ഇതിന് മുന്‍പായി മൂന്ന് മണിക്കൂറോളം കാര്‍ ചെങ്കോട്ടയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്നു. കോട്ടയ്ക്ക് സമീപത്തെ സുനേരി മസ്ജിദിന് സമീപമായിരുന്നു വാഹനം പാര്‍ക്ക് ചെയ്തത്. വൈകിട്ട് 3.19ന് പാര്‍ക്കിങ്ങില്‍ വാഹനം എത്തുന്നതും സ്ഫോടനത്തിന് മിനിട്ടുകള്‍ക്ക് മുന്‍പായി 6.40 ന് തിരിച്ചുപോകുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. തുടക്കത്തില്‍ കാര്‍ ഓടിച്ചിരുന്ന വ്യക്തിയുടെ മുഖം കാണാനാകുന്നുണ്ടെങ്കിലും പിന്നീട് ഇയാള്‍ മാസ്‌ക് ധരിച്ച നിലയിലായിരുന്നു. HR26CE7674 എന്ന് നമ്പറിലുള്ള ഹ്യുണ്ടായ് ഐ 20 വാഹനമാണിത്. പാര്‍ക്കിങ്ങിലേക്ക് വാഹനം വരുമ്പോവും തിരിച്ച് പോകുമ്പോഴും വാഹനത്തില്‍ ഇയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ ടോള്‍ പ്ലാസകളില്‍നിന്നടക്കം നൂറോളം സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചിട്ടുള്ളത്.
ചെങ്കോട്ടയ്ക്ക് സമീപത്തെ മെട്രോ സ്റ്റേഷന്റെ നമ്പര്‍ ഒന്ന് ഗേറ്റിന് സമീപമുള്ള സിഗ്‌നലിലെത്തിയ കാര്‍ യു ടേണ്‍ എടുക്കുന്നതിന് മുന്‍പായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. കാര്‍ ഓടിച്ചിരുന്നത് ഉമര്‍ മുഹമ്മദ് ആണെങ്കില്‍ സ്‌ഫോടനത്തില്‍ ഇയാള്‍ മരിച്ചിരിക്കാം എന്നും പൊലീസ് കരുതുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ കാറില്‍ നിന്ന് ലഭിച്ച മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.