CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 10 Minutes 34 Seconds Ago
Breaking Now

ചെങ്കോട്ട സ്ഫോടനം; കാറില്‍ മാരക സ്ഫോടക വസ്തുവായ പെന്റാ എറിത്രിറ്റോള്‍ ടെട്രാനൈട്രേറ്റിന്റെ സാന്നിധ്യം

ഫരീദാബാദ് റെയ്ഡിന്റെ പശ്ചാത്തലത്തില്‍ പരിഭ്രാന്തനായ ഉമര്‍ നബി സ്ഫോടക വസ്തുക്കള്‍ മാറ്റുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ചെങ്കോട്ട സ്ഫോടനത്തില്‍ വിശദമായ അന്വേഷണത്തിന് എന്‍ഐഎ. വിവിധ സംഘങ്ങള്‍ രൂപീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് എന്‍ഐഎയുടെ തീരുമാനം. ഡല്‍ഹിക്ക് പുറമേ ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും വിശദമായ അന്വേഷണം നടത്തും. കേസ് ഉടന്‍ രജിസ്റ്റര്‍ ചെയ്യും. പ്രാഥമിക പരിശോധനയില്‍ ഡല്‍ഹിയില്‍ നടന്നത് ചാവേര്‍ ആക്രമണമല്ലെന്നാണ് എന്‍ഐഎയുടെ നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിന് പുറമേ കാറിലുണ്ടായിരുന്നത് ഫരീദാബാദ് അല്‍ഫല സര്‍വകലാശാലയിലെ ഡോക്ടര്‍ ഉമര്‍ നബി തന്നെയാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിനായി കാറില്‍ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. ഉമറിന്റെ മാതാവിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധനാഫലം ഉടന്‍ ലഭിക്കും.

ഫരീദാബാദ് റെയ്ഡിന്റെ പശ്ചാത്തലത്തില്‍ പരിഭ്രാന്തനായ ഉമര്‍ നബി സ്ഫോടക വസ്തുക്കള്‍ മാറ്റുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് അന്വേഷണ സംഘം പറയുന്നത്. സ്ഫോടക വസ്തുക്കള്‍ മാറ്റുന്നതിനായാണ് ഉമര്‍ ഡല്‍ഹിയില്‍ എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സ്ഫോടനം നടക്കുന്ന തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ഉമര്‍ ഡല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ എത്തിയതായി അന്വേഷണ സംഘം പറയുന്നു. ഇതിന് പിന്നാലെ കാര്‍ ഡല്‍ഹിയിലെ തന്നെ മയൂര്‍ വിഹാറില്‍ എത്തി. സെന്‍ട്രല്‍ ഡല്‍ഹിയില്‍ അടക്കം മണിക്കൂറുകള്‍ ഉമര്‍ നബി ചെലവഴിച്ചതായാണ് അന്വേഷണ സംഘം പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണ സംഘം ഈ നിഗമനത്തില്‍ എത്തിയത്. കാറില്‍ വന്‍ അളവില്‍ സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നു. ശക്തമായ സ്ഫോടക വസ്തുക്കളില്‍ ഒന്നായ പെന്റാ എറിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ് (PETN) അടക്കം കാറില്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. നിറമില്ലാത്ത, പരല്‍ രൂപത്തിലുള്ള ഇവ പരിശോധനയില്‍ കണ്ടെത്തുക എളുപ്പമല്ല.

അതുകൊണ്ടുതന്നെ വിശദമായ പരിശോധന നടത്തണമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.