
















പണിയില്ലാത്ത ബ്രിട്ടന്‍. ലേബര്‍ നയങ്ങള്‍ മൂലം ഈ ദുരന്തം സഫലമായി മാറുന്നുവെന്ന് കണക്കുകള്‍. കൊവിഡ് മഹാമാരിക്ക് ശേഷം ചരിത്രത്തില്‍ ആദ്യമായി തൊഴിലില്ലായ്മ 5 ശതമാനത്തില്‍ തൊട്ടതോടെയാണ് ലേബര്‍ ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്ക് എതിരെ രൂക്ഷവിമര്‍ശനം ഉയരുന്നത്. ദിവസേന 1000 പേര്‍ക്കെങ്കിലും തൊഴില്‍ നഷ്ടമാകുന്നുവെന്നാണ് കണക്ക്.
ജനങ്ങളുടെ തൊഴിലുകള്‍ പിടിച്ചുപറിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് റേച്ചല്‍ റീവ്‌സിന്റെ ഭ്രാന്തന്‍ നയങ്ങളാണെന്നാണ് കുറ്റപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം യുകെയില്‍ 180,000-ലേറെ പേര്‍ക്കാണ് ജോലി തെറിച്ചത്. കഴിഞ്ഞ രണ്ട് മാസത്തില്‍ 64,000 പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
ലേബറിന്റെ സാമ്പത്തിക നയങ്ങളുടെ വിധിയെഴുത്തായാണ് തൊഴിലില്ലായ്മ നിരക്ക് ഈ നിലയില്‍ എത്തി നില്‍ക്കുന്നതിനെ വ്യാഖ്യാനിക്കുന്നത്. ഒരു ജോലിയും ചെയ്യാതെ ബെനഫിറ്റുകള്‍ കൈപ്പറ്റുന്ന ആളുകളുടെ എണ്ണം റെക്കോര്‍ഡില്‍ എത്തുമ്പോഴാണ് ജനങ്ങള്‍ക്ക് വന്‍തോതില്‍ ജോലി നഷ്ടമാകുന്നത്. നാല് മില്ല്യണ്‍ ജനങ്ങളാണ് ആനുകൂല്യങ്ങള്‍ കൈപ്പറ്റി വീട്ടിലിരിക്കുന്നത്.
25 ബില്ല്യണ്‍ പൗണ്ടിന്റെ നാഷണല്‍ ഇന്‍ഷുറന്‍സ് വേട്ടയാണ് തൊഴില്‍ നഷ്ടം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചതെന്നാണ് ആരോപണം. അതേസമയം പബ്ലിക് സെക്ടറില്‍ വേതന ബില്‍ വര്‍ദ്ധിക്കുകയുമാണ്. സ്വകാര്യ മേഖലയെ മറികടന്ന് വേതനങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ഖജനാവില്‍ 30 ബില്ല്യണ്‍ പൗണ്ടിന്റെ വിടവാണ് നേരിടുന്നത്.
ബജറ്റില്‍ കൂടുതല്‍ നികുതികള്‍ വരാന്‍ ഇരിക്കവെ വിദഗ്ധര്‍ മുന്നറിയിപ്പുമായി രംഗത്തെത്തി. കൂടുതല്‍ നികുതി പിടിച്ചെടുക്കലുകള്‍ ഉണ്ടാകുമെന്നതിനാല്‍ സ്ഥിതി വഷളാകുമെന്ന് ഇവര്‍ പറയുന്നു. നാഷണല്‍ മിനിമം വേജ് വര്‍ദ്ധന താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നത് പരിഗണിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.