
















ഒരു രാജ്യത്തിന്റെ പതാക പ്രദര്‍ശിപ്പിക്കുന്ന വംശവെറിയായി മാറുമെന്ന നിലപാട് സ്വീകരിച്ച് എന്‍എച്ച്എസ് മേധാവികള്‍. ഇംഗ്ലണ്ടിന്റെ സെന്റ് ജോര്‍ജ്ജ് പതാകയും, യുകെയുടെ യൂണിയന്‍ പതാകയും പ്രദര്‍ശിപ്പിക്കുന്നത് കറുത്തവരും, ഏഷ്യന്‍ വംശജരുമായ എന്‍എച്ച്എസ് ജീവനക്കാരെ ഭയപ്പെടുത്തുന്നുവെന്നാണ് ആരോഗ്യ മേധാവികളുടെ നിലപാട്.
ഈ പതാകകള്‍ കണ്ടാല്‍ 'അവിടെ പോകാന്‍ പാടില്ലെന്ന' അര്‍ത്ഥമാണ് വ്യാഖ്യാനിക്കപ്പെടുന്നതെന്ന് എന്‍എച്ച്എസ് എക്‌സിക്യൂട്ടീവുമാര്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗികളുടെ വീടുകളില്‍ പരിചരണത്തിനും, ചികിത്സയ്ക്കുമായി എത്തുന്ന ജീവനക്കാര്‍ക്ക് പതാകകള്‍ കാണുന്നത് പ്രശ്‌നമായി മാറുന്നുവെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. 
എന്നാല്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കുന്നതില്‍ യാതൊരു വിധത്തിലുള്ള വംശവെറിയും ഉള്‍പ്പെടുന്നില്ലെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് വാദിക്കുന്നു. 'ഈ പതാകകള്‍ ആരെയും ഭയപ്പെടുത്തുന്നില്ല. ഇത് രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നു. ഇവ പറപ്പിക്കുന്നതിനെ അക്രമിക്കുന്നവര്‍ക്ക് ദേശസ്‌നേഹമില്ല, രാജ്യത്തെ വെറുക്കുകയും ചെയ്യുന്നു', ഫിലിപ്പ് പ്രതികരിച്ചു.
കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങള്‍ ദേശീയ പതാകയും ഉപയോഗിച്ചതോടെയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത് പ്രദര്‍ശിപ്പിച്ചാല്‍ നീക്കം ചെയ്യപ്പെടുന്ന സ്ഥിതി എത്തിയത്. ചില കൗണ്‍സിലുകള്‍ പണം കൊടുത്ത് പതാക നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. പലസ്തീന്‍ പതാക പ്രദര്‍ശിപ്പിക്കാന്‍ കുഴപ്പമില്ലാത്തപ്പോള്‍ ഇംഗ്ലണ്ടിന്റെ ദേശീയ പതാക നീക്കുന്നത് ജനരോഷത്തിന് ഇടയാക്കുന്നുണ്ട്.
രോഗികളും, പൊതുജനങ്ങളും എന്‍എച്ച്എസ് ജീവനക്കാര്‍ക്കെതിരെ വിവേചനം നടത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഈ വിമര്‍ശനം. 45 ശതമാനം സീനിയര്‍ മാനേജര്‍മാര്‍ ഈ വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്.