
















വിമാനത്തില്‍ കിട്ടുന്ന മദ്യം കുടിച്ച് ലക്കുകെട്ട് തനിസ്വഭാവം പ്രകടിപ്പിക്കുന്ന ആളുകള്‍ പലപ്പോഴും അബദ്ധങ്ങളില്‍ ചെന്നുചാടാറുണ്ട്. ഈ അബദ്ധം ആവര്‍ത്തിച്ച ശതകോടീശ്വരനാണ് ഇപ്പോള്‍ ജയില്‍ശിക്ഷ മൂന്നിരട്ടി വര്‍ദ്ധിപ്പിച്ച് കിട്ടിയിരിക്കുന്നത്.
പാകിസ്ഥാനിലെ ലാഹോറില്‍ നിന്നും ലണ്ടനിലെ ഹീത്രൂവിലേക്ക് പറന്ന വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനത്തിലെ ജീവനക്കാരിയെ കൂട്ടബലാത്സം ചെയ്ത് കൊലപ്പെടുത്തി തീകൊളുത്തുമെന്നാണ് 38-കാരന്‍ സല്‍മാന്‍ ഇഫ്ത്തീക്കര്‍ ഭീഷണി മുഴക്കിയത്. നേരത്തെ 15 മാസത്തെ ജയില്‍ശിക്ഷയാണ് കോടതി ഇയാള്‍ക്ക് വിധിച്ചത്. 
എന്നാല്‍ ശിക്ഷ കുറഞ്ഞുപോയെന്ന വിവാദം ഉയര്‍ന്നതോടെയാണ് വിധി പുനഃപ്പരിശോധിച്ച് നാല് വര്‍ഷവും മൂന്ന് മാസവുമായി ശിക്ഷ ഉയര്‍ത്തിയത്. പാകിസ്ഥാനില്‍ നിന്നും യാത്ര ചെയ്യുമ്പോഴാണ് മദ്യപിച്ച് ലക്കുകെട്ട് ധനികനായ റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്റ് ക്യാബിന്‍ ക്രൂവിനെ ഭീഷണിപ്പെടുത്തിയത്. 39000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് യാത്രക്കാരെ ഞെട്ടിച്ച് ഇഫ്തീക്കര്‍ അസഭ്യവര്‍ഷം നടത്തിയത്.
ഇയാള്‍ക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ഇതിനിടെ വ്യക്തമായിരുന്നു. മൂന്ന് മക്കളുടെ പിതാവുമാണ് ഇഫ്തീക്കര്‍. 17 മില്ല്യണ്‍ പൗണ്ടിന്റെ കടമുണ്ടായിരുന്ന ബിസിനസ്സ് പൊളിവായിരുന്നു. ഇതിനിടെയാണ് വിമാനത്തില്‍ വെച്ച് ക്യാബിന്‍ ക്രൂ താമസിക്കുന്ന 5 സ്റ്റാര്‍ ഹോട്ടല്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
ഇഫ്തീക്കറിന് ശിക്ഷ കുറഞ്ഞതായി ആരോപണം ഉയര്‍ന്നതോടെ അപ്പീല്‍ കോടതി കേസ് പരിശോധിച്ചാണ് ശിക്ഷാ കാലാവധി മൂന്നിരട്ടി ഉയര്‍ത്തിയത്.