
















ദില്ലി ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വ്വകലാശാലയില്‍ പരിശോധനകള്‍ തുടരുന്നതായി പൊലീസ്. ഇവിടുത്തെ പള്ളിയിലെ പുരോഹിതനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനഗര്‍ സ്വദേശി മുഹമ്മദ് ഇഷ്താഖാണ് കസ്റ്റഡിയിലായത്. സര്‍വകലാശാലയിലെ 70 പേരെ ചോദ്യം ചെയ്തതായും സര്‍വ്വകലാശാലയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായും പൊലീസ് അറിയിച്ചു.
അതേസമയം, സ്‌ഫോടനം നടന്നത് അബദ്ധത്തിലാണെന്ന സംശയം ബലപ്പെടുകയാണ്. സ്‌ഫോടക വസ്തുക്കള്‍ എവിടേക്കോ മാറ്റാന്‍ നോക്കുമ്പോള്‍ സ്‌ഫോടനം നടന്നു എന്നാണ് അനുമാനം. ഉമറും മുസമീലും നേരത്തെ റെഡ്‌ഫോര്‍ട്ട് പരിസരത്ത് എത്തിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ സ്‌ഫോടനം നടത്താനും സംഘം പദ്ധതിയിട്ടിരുന്നു. സ്‌ഫോടനം നടന്ന ദിവസം ദില്ലി മയൂര്‍ വിഹാറിലും ഉമറിന്റെ വാഹനം എത്തിയെന്നും പൊലീസ് പറയുന്നു.
സ്‌ഫോടനത്തില്‍ സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം ഉയരുന്നുണ്ട്. അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. എന്നാല്‍ മറ്റു പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിട്ടൂണ്ടോ എന്നത് പരിശോധന കഴിഞ്ഞേ വ്യക്തമാകൂ. സ്‌ഫോടനം നടത്തിയ ഉമര്‍ പതിനൊന്ന് മണിക്കൂര്‍ ദില്ലിയിലുണ്ടായിരുന്നു. കൊണാട്ട് പ്ലേസിലും ഇയാള്‍ പോയെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഫരീദാബാദിലെ അറസ്റ്റുകള്‍ അറിഞ്ഞ ഇയാള്‍ പരിഭ്രാന്തിയിലായെന്നും ഇല്ലെങ്കില്‍ ഇതിലും വലിയ ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.