
















ഡെര്‍ബി: യുകെയിലെ ഡെര്‍ബിയില്‍ താമസിക്കുന്ന നിര്‍മല്‍ ജോസഫിന്റെ ഭാര്യ രശ്മി ജോണിന്റെ അമ്മ, റോസമ്മ ഉലഹന്നാന്‍ (66 വയസ്) നവംബര്‍ 5ന്, പാലായില്‍ വച്ച് നടന്ന വാഹനാപകടത്തില്‍പെട്ട് ഗുരുതരാവസ്ഥയില്‍ കോട്ടയം കാരിത്താസ് ആസ്പത്രിയില്‍ കഴിയുകയായിരുന്നു. വെന്റിലേറ്ററിലായിരുന്ന റോസമ്മയുടെ മസ്തിഷ്‌കമരണം ഇന്നാണ് സ്ഥിരീകരിച്ചത്. സാങ്കേതിക കാരണങ്ങളാല്‍ ഇന്നാണ് നിര്‍മലും ഭാര്യ രശ്മിയും മകള്‍ എവെലിനും നാട്ടിലേക്ക് തിരിക്കാന്‍ സാധിച്ചത്. സംസ്‌കാരശുശ്രുഷകള്‍ വ്യാഴാഴ്ച, നവംബര്‍ 13ന് ഉച്ചക്ക് 2.30 ഭവനത്തില്‍ ആരംഭിച് 3 .30 ന് ളാലം പഴയപള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കുന്നതാണ്.
കോട്ടയം പാലാ മുണ്ടുപാലം പുത്തെട്ടുകുന്നേല്‍ വീട്ടില്‍ റോസമ്മ ഉലഹന്നാന് വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ചതിനാല്‍, മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃക ലോകത്തിന് നല്‍കിയാണ് ഈ ലോകത്തോട് വിട പറയുന്നത്. വേര്‍പാടിന്റെ വേദനയിലും മക്കള്‍ അമ്മയുടെ രണ്ട് വൃക്കകളും, കരള്‍, രണ്ട് നേത്രപടലങ്ങള്‍ എന്നിവ ദാനം ചെയ്തിരിക്കുകയാണ്. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ (കേരളാസോട്ടോ) നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. തീവ്രമായ ദുഃഖത്തിലും ഇത്തരമൊരു മാതൃകാപരമായ തീരുമാനമെടുത്ത റോസമ്മയുടെ കുടുംബത്തെ നമുക്ക് നമ്മുടെ ആദരവ് സമര്‍പ്പിക്കാം.
പരേതയായ റോസമ്മയുടെ കുടുംബാംഗങ്ങള്‍ : ഭര്‍ത്താവ് പുത്തെട്ടുകുന്നേല്‍ ഉലഹന്നാന്‍, മക്കള്‍: രാജേഷ് (പാലാ), രാജീവ് (ബാംഗ്‌ളൂര്‍), രശ്മി (നേഴ്‌സ്, ഡെര്‍ബി, UK). മരുമക്കള്‍: സിമി രാജേഷ്, ഹണി രാജീവ്, നിര്‍മല്‍ നാടുവിലെചേന്നംകുളം, മലയാറ്റൂര്‍ (ഡെര്‍ബി, UK)
നവംബര്‍ 5ന് പാലാ ടൗണില്‍ വച്ച് റോസമ്മ സഞ്ചരിച്ച ഓട്ടോ റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന സമയത്താണ് ഒരു കാര്‍ വന്നിടിച്ചു നിര്‍ത്താതെ പോയത്. ഓട്ടോ മറിഞ്ഞപ്പോള്‍, അടിയിലായി റോസമ്മയുടെ തലയില്‍ ഓട്ടോ വീണപ്പോള്‍ ആണ് റോസമ്മയുടെ തലക്ക് ക്ഷതം സംഭവിച്ചത്. . പോലീസ് പിന്നീട് നിര്‍ത്താതെ പോയ കാര്‍ കണ്ടുപിടിച്ചു.
അഞ്ച് പേര്‍ക്ക് പുതുജീവനേകിയ റോസമ്മ ഉലഹന്നാന് നാളെ പ്രിയപ്പെട്ടവര്‍ വിടയേകും.