
















എന്‍എച്ച്എസിനെയും, രോഗികളെയും കുഴപ്പത്തിലാക്കി റസിഡന്റ് ഡോക്ടര്‍മാര്‍ സമരം തുടങ്ങുകയാണ്. അഞ്ച് ദിവസം നീളുന്ന പണിമുടക്ക് ഇന്ന് ആരംഭിക്കുമ്പോള്‍ രോഗികള്‍ ദുരിതത്തിലാകുന്നതിന് പുറമെ വലിയ ധനനഷ്ടവും ഹെല്‍ത്ത് സര്‍വ്വീസിന് താങ്ങേണ്ടിവരുന്നുണ്ട്.
ഫ്രണ്ട്‌ലൈന്‍ ജീവനക്കാരെ കുറച്ച്, കുറവ് ഓപ്പറേഷനുകളും, സ്‌കാനുകളും നല്‍കുന്ന രീതിയിലേക്ക് മാറിയാണ് ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ ആവശ്യം വരുന്ന അധിക ചെലവിന് പണം കണ്ടെത്തുകയെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കി.
വെള്ളിയാഴ്ച രാവിലെ 7 മുതല്‍ തുടര്‍ച്ചയായി അഞ്ച് ദിവസത്തേക്കാണ് ആയിരക്കണക്കിന് റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 28.9 ശതമാനം ശമ്പളവര്‍ദ്ധന പോക്കറ്റിലാക്കിയ ശേഷമാണ് കൂടുതല്‍ വര്‍ദ്ധന ആവശ്യപ്പെട്ടുള്ള സമരം.
എന്നാല്‍ ഈ സമരം ഹെല്‍ത്ത് സര്‍വ്വീസിന്റെ ബജറ്റില്‍ 240 മില്ല്യണ്‍ പൗണ്ടാണ് കവരുക. അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതമാകുന്ന ആശുപത്രികള്‍ ജൂനിയര്‍ സഹജീവനക്കാര്‍ക്ക് പകരം ഉത്തരവാദിത്വം ഏല്‍ക്കുന്ന കണ്‍സള്‍ട്ടന്റുമാര്‍ക്ക് ഓവര്‍ടൈം നിരക്കില്‍ പണം നല്‍കേണ്ടിവരും.
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ മാഫിയാ സംഘങ്ങളെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. രാജ്യത്തെ ബന്ദിയാക്കി വന്‍വര്‍ദ്ധന നേടാനുള്ള ശ്രമമാണ് ഡോക്ടര്‍മാരുടേതെന്നാണ് ആരോപണം.
ഇപ്പോള്‍ തന്നെ സമ്മര്‍ദത്തിലുള്ള എന്‍എച്ച്എസ് ബജറ്റുകള്‍ക്ക് ഈ ഭാരം കൂടി താങ്ങാന്‍ കഴിയില്ലെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ & എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് വ്യക്തമാക്കി. ട്രഷറി ഇതിലേക്ക് ധനസഹായം നല്‍കാത്ത പക്ഷം വെട്ടിക്കുറവുകള്‍ വരുത്തുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നാണ് ഇവര്‍ പറയുന്നത്.