
















നടിയെ ആക്രമിച്ച കേസില്‍ വിചാരണയിലെ സുപ്രധാന വിവരങ്ങള്‍ പുറത്ത്. നടിയെ ബലാത്സംഗം ചെയ്യാന്‍ മുമ്പും ശ്രമം നടന്നതായും 2017 ജനുവരി 3 ന് ഗോവയില്‍ കൃത്യം നടത്താനായിരുന്നു പ്ലാന്‍ ഉണ്ടായിരുന്നതെന്നും പുറത്തുവന്നു.
നടി നായികയായ സിനിമ ചിത്രീകരിച്ചത് ഇവിടെയായിരുന്നു. ജനുവരി മൂന്നിന് നടിയെ എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടിയത് പള്‍സര്‍ സുനിയായിരുന്നു. തുടര്‍ന്നുളള ദിവസങ്ങളിലും ഇയാള്‍ നടിയുടെ ഡ്രൈവറായിരുന്നു. ബലാത്സംഗം ചെയ്യാന്‍ വാഹനം തേടി ജനുവരി മൂന്നിന് സുനില്‍ സെന്തില്‍ കുമാര്‍ എന്നയാളെ വിളിച്ചതായുമുള്ള വിവരങ്ങള്‍ വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ നാളെ വിധി വരാനിരിക്കെയാണ് വിചാരണയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.
കേസിലെ 173 -ാമത് സാക്ഷിയാണ് സെന്തില്‍ കുമാര്‍. രണ്ടാം പ്രതി മാര്‍ട്ടിനേയും മൂന്നാം പ്രതി മണികണ്ഠനേയും സുനില്‍ കുമാര്‍ ഗോവയില്‍ നിന്ന് വിളിച്ചതായും പുറത്തുവന്നു. ഷൂട്ടിങ് പൂര്‍ത്തിയാക്കി നടി ഗോവയില്‍ റോഡു മാര്‍ഗം കേരളത്തിലേക്ക് വരുമെന്നായിരുന്നു സുനില്‍ കണക്കുകൂട്ടിയത്. ഈ യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാനായിരുന്നു ആലോചന. എന്നാല്‍ ജനുവരി 5ന് അപ്രതീക്ഷിതമായി നടി കേരളത്തിലേക്ക് മടങ്ങി. ഇത് പരാജയപ്പെട്ടതോടെയാണ് ഫെബ്രുവരി 17ന് കൃത്യം നടപ്പാക്കിയത്. വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഇക്കാര്യം അവതരിപ്പിച്ചിരുന്നതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.