
















തന്റെ പരിചരണത്തിനായി, തന്നെ വിശ്വസിച്ച് എത്തിയ 38-ഓളം രോഗികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മുന്‍ എന്‍എച്ച്എസ് ഡോക്ടറുടെ ചിത്രങ്ങള്‍ പുറത്ത്. ബര്‍മിംഗ്ഹാം ക്വിന്റണില്‍ നിന്നുള്ള 38-കാരന്‍ നതാനിയല്‍ സ്‌പെന്‍സര്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെയും, സ്റ്റഫോര്‍ഡ്ഷയറിലെയും ആശുപത്രികളില്‍ ജോലി ചെയ്ത 2017 മുതല്‍ 2021 വരെ കാലഘട്ടത്തിലാണ് രോഗികളെ ലക്ഷ്യംവെച്ചത്.
45 കുറ്റകൃത്യങ്ങളാണ് മുന്‍ എന്‍എച്ച്എസ് ഡോക്ടര്‍ക്കെതിരെ ചുമത്തിയത്. 15 ലൈംഗിക പീഡനങ്ങളും, 17 ലൈംഗിക കുറ്റകൃത്യങ്ങളും, 13 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് എതിരായ 9 പീഡനങ്ങളും, ഇതേ പ്രായത്തിലുള്ള കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്ത കുറ്റങ്ങളും ഇതില്‍ പെടുന്നു.
കടുത്ത ക്രിസ്തീയ വിശ്വാസിയായ രണ്ട് കുട്ടികളുടെ പിതാവായ സ്‌പെന്‍സര്‍ 2017-ല്‍ വാര്‍സോ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് ഡോക്ടറായി ക്വാളിഫൈ ചെയ്തത്. 2019-ല്‍ സമ്പൂര്‍ണ്ണ യുകെ ലൈസന്‍സും നേടി. ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ സോഷ്യല്‍ മീഡിയ പേജില്‍ സ്‌പെന്‍സറിനെ പാസ്റ്റര്‍ ബ്ലസ് ചെയ്യുന്നതും, ഇയാളുടെ മകളെ ബാപ്ടിസം ചെയ്യുന്നതുമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 
ഒക്ടോബറില്‍ തന്നെ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇയാളെ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിവിധ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ചാര്‍ജ്ജ് ചെയ്യപ്പെട്ടതോടെ ജനുവരി 20ന് സ്‌പെന്‍സര്‍ നോര്‍ത്ത് സ്റ്റഫോര്‍്ഡ്ഷയര്‍ ജസ്റ്റിസ് സെന്ററില്‍ ഹാജരാകണം.
സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ റോയല്‍ സ്‌റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലും, ഡഡ്‌ലിയിലെ റസല്‍സ് ഹാള്‍ യൂണിവേഴ്‌സിറ്റിയിലും ഉയര്‍ന്ന ആരോപണങ്ങളില്‍ സ്റ്റഫോര്‍ഡ്ഷയര്‍ പോലീസ് നടത്തിയ അന്വേഷണങ്ങളെ അടിസ്ഥാനമാക്കിയാണ് കുറ്റങ്ങള്‍ ചുമത്തിയത്. 2017 മുതല്‍ 2020 വരെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സ് എന്‍എച്ച്എസ് ട്രസ്റ്റിലും ഇയാള്‍ റസിഡന്റ് ഡോക്ടറായി സേവനം നല്‍കി. ഇപ്പോള്‍ ഈ ട്രസ്റ്റുകള്‍ മുന്‍ രോഗികള്‍ക്ക് ഇയാളുമായി ബന്ധപ്പെട്ട ആശങ്ക അറിയിക്കാന്‍ ഹെല്‍പ്പ്‌ലൈന്‍ ആരംഭിച്ചിരിക്കുകയാണ്.