
















ലണ്ടന്‍ ടവറില്‍ പ്രദര്‍ശനത്തിനു വച്ചിരുന്ന ബ്രിട്ടന്റെ അമൂല്യമായ കിരീടാഭരണങ്ങള്‍ക്കെതിരെ നാല് പേര്‍ ഭക്ഷ്യവസ്തുക്കളെറിഞ്ഞ് പ്രതിഷേധം നടത്തിയത് വിവാദമായി. ടേക്ക് ബാക്ക് പവര്‍ എന്നു വിളിക്കുന്ന സിവില്‍ റെസിസ്റ്റന്റ് ഗ്രൂപ്പിലെ അംഗങ്ങളാണ് കസ്റ്റാര്‍ഡും ആപ്പിളും കിരീടം സൂക്ഷിച്ചിരിക്കുന്ന ചില്ലുകൂട്ടിലേക്കെറിഞ്ഞത്. പിന്നാലെ പ്രതികള്‍ പിടിയിലായി.
അന്വേഷണം തുടരുന്നതിനാല്‍ ലോക പ്രശസ്തമായ ജൂവല്‍ ഹൗസ് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
23000 ത്തിലധികം രത്‌ന കല്ലുകള്‍ പതിച്ചിരിക്കുന്ന ഈ കിരീടം ബ്രിട്ടീഷ് രാജകീയ ചടങ്ങുകളുടെ ഏറ്റവും വില മതിക്കാനാകാത്ത നിധികളിലൊന്നാണ്. 1937 ല്‍ ജോര്‍ജ് ആറാമന്‍ രാജാവിന്റെ കിരീട ധാരണത്തിനായി നിര്‍മ്മിച്ച ഈ കിരീടം അവസാനമായി ചാള്‍സ് രാജാവ് കിരീട ധാരണ ചടങ്ങില്‍ ധരിച്ചിരുന്നു. ചില്ലിനുള്ളില്‍ കര്‍ശന സുരക്ഷയോടെ സൂക്ഷിച്ചിരിക്കുന്ന കിരീടത്തിന്മേല്‍ ഭക്ഷണമെറിയുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.
ജനാധിപത്യം തകര്‍ന്നു, ബ്രിട്ടന്‍ തകര്‍ന്നു എന്നു പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം. സംഭവം വലിയ ചര്‍ച്ചയായി കഴിഞ്ഞു.