Breaking Now

ധോണിക്ക്‌ കന്നി ഇരട്ട സെഞ്ചുറി :ഇന്ത്യ എട്ടിന്‌ 515

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി നേടിയ നായകന്‍ എം.എസ്‌. ധോണിയുടെ മികവില്‍ ഇന്ത്യ 135 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്‌ നേടി.

മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ എട്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ 515 റണ്‍സെടുത്തിട്ടുണ്ട്‌. ഓസീസിനെതിരേ ഒരു ഇന്ത്യന്‍ നായകന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇന്ത്യന്‍ വിക്കറ്റ്‌ കീപ്പറുടെ ടെസ്‌റ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും കൂടിയാണിത്‌.
കളി നിര്‍ത്തുമ്പോള്‍ 206 റണ്‍സുമായി ധോണിയും 16 റണ്‍സുമായി ഭുവനേശ്വര്‍ കുമാറും ക്രീസിലുണ്ട്‌. ഇംഗ്ലണ്ടിനെതിരേ നടന്ന നാഗ്‌പുര്‍ ടെസ്‌റ്റില്‍ 99 റണ്‍സെടുത്തു നില്‍ക്കേ റണ്ണൗട്ടായതിന്റെ നിരാശയും ഇന്നലെ ധോണി തീര്‍ത്തു. 28 റണ്‍സ്‌ കൂടി ചേര്‍ക്കാനായാല്‍ ധോണി സിംബാബ്‌വേയുടെ മുന്‍ വിക്കറ്റ്‌ കീപ്പര്‍ ആന്‍ഡി ഫ്‌ളവര്‍ നേടിയ 232 റണ്‍സെന്ന റെക്കോഡ്‌ മറികടക്കും. നാലാം ദിവസം പരമാവധി ലീഡ്‌ നേടാനാകും ഇന്ത്യയുടെ പരിശ്രമം. ധോണിയെ കൂടാതെ മധ്യനിര ബാറ്റ്‌സ്‌മാന്‍ വിരാട്‌ കോഹ്‌ലിയും (107) സെഞ്ചുറിയടിച്ചു. നാലാം ടെസ്‌റ്റ്‌ സെഞ്ചുറി നേടിയതിനു കോഹ്‌ലി പുറത്തായി. ഓസീസിനെതിരെ കോഹ്‌ലിയുടെ രണ്ടാം ടെസ്‌റ്റ്‌ സെഞ്ചുറിയായിരുന്നു ചെന്നൈയിലേത്‌. എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ ഒരു സ്‌പെഷലിസ്‌റ്റ്‌ സ്‌പിന്നറെ മാത്രം കളിപ്പിച്ച ഓസീസിനു കനത്ത തിരിച്ചടി ലഭിച്ചു. സ്‌പെഷലിസ്‌റ്റ്‌ സ്‌പിന്നര്‍ നഥാന്‍ ലിയോണ്‍ മൂന്നു വിക്കറ്റെടുത്തെങ്കിലും 182 റണ്‍സ്‌ വിട്ടുകൊടുത്തു.
മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്‌ തലേദിവസത്തെ സ്‌കോറില്‍നിന്ന്‌ 10 റണ്‍സ്‌ മാത്രമാണു കൂട്ടിച്ചേര്‍ക്കാനായത്‌. 81 റണ്‍സെടുത്ത സച്ചിനെ ലിയോണ്‍ മടക്കി. സച്ചിനു പകരം ധോണി ക്രീസിലെത്തിയതോടെ കളി മാറി. ധോണിയും കോഹ്‌ലിയും ചേര്‍ന്ന്‌ അഞ്ചാം വിക്കറ്റില്‍ 128 റണ്‍സെടുത്തു. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ്‌ സ്‌കോറില്‍നിന്ന്‌ 56 റണ്‍സ്‌ പിന്നിട്ടു നില്‍ക്കുമ്പോള്‍ ധോണി- കോഹ്‌ലി കൂട്ടുകെട്ട്‌ പിരിഞ്ഞു. ലിയോണിനെ അര്‍ധ മനസോടെ ബാറ്റ്‌ ചെയ്‌ത കോഹ്‌ലിയെ മിച്ചല്‍ സ്‌റ്റാര്‍ക്‌ അനായാസമായി പിടികൂടി. 206 പന്തുകള്‍ നേരിട്ട കോഹ്‌ലി ഒരു സിക്‌സറും 15 ഫോറുകളുമടിച്ചു. കോഹ്‌ലി പുറത്തായതിനു പിന്നാലെ രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഹര്‍ഭജന്‍ സിംഗ്‌ എന്നിവര്‍ മടങ്ങിയത്‌ ഇന്ത്യക്കു തെല്ലു ക്ഷീണമായി. ഭുവനേശ്വര്‍ കുമാര്‍ ക്രീസില്‍ നില്‍ക്കുമ്പോഴാണു ധോണി ഇരട്ട സെഞ്ചുറി തികച്ചത്‌.
ധോണിയും ഭുവനേശ്വറും ചേര്‍ന്ന്‌ ഒന്‍പതാം വിക്കറ്റില്‍ ഇതുവരെ 109 റണ്‍സ്‌ നേടിയിട്ടുണ്ട്‌. ഓസീസ്‌ പേസ്‌ ആക്രമണത്തില്‍നിന്നു ഭുവനേശ്വറിനെ രക്ഷിക്കാന്‍ ധോണി ഉറപ്പായ സിംഗിളുകള്‍ പോലും വേണ്ടെന്നു വച്ചിരുന്നു. പ്രകോപിപ്പിക്കാന്‍ ഓസീസ്‌ ബൗളര്‍മാര്‍ ഏറെ പരിശ്രമിച്ചെങ്കിലും ഇന്ത്യന്‍ നായകന്‍ കുലുങ്ങിയില്ല. 243 പന്തുകള്‍ നേരിട്ട ധോണി അഞ്ചു കൂറ്റന്‍ സിക്‌സറുകളും 22 ഫോറുകളുമടിച്ചു.
1964 ല്‍ ഇംഗ്ലണ്ടിനെതിരേ ബുധി കുന്ദരന്‍ നേടിയ 192 റണ്‍സായിരുന്നു ഇതുവരെ ഒരു ഇന്ത്യന്‍ വിക്കറ്റ്‌ കീപ്പറുടെ ടെസ്‌റ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. മദ്രാസ്‌ കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലായിരുന്നു കുന്ദരന്റെ പ്രകടനം.
കന്നി ഇരട്ട സെഞ്ചുറി നേടിയ ധോണി ടെസ്‌റ്റില്‍ 4000 റണ്‍സ്‌ പിന്നിടുകയും ചെയ്‌തു. 119 പന്തിലാണ്‌ ധോണി ആദ്യ നൂറ്‌ കടന്നത്‌. അടുത്ത നൂറു കടക്കാന്‍ അദ്ദേഹം നേരിട്ടത്‌ 112 പന്തുകളും.
സ്‌കോര്‍ബോര്‍ഡ്‌:
ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്- 380.
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് - വിജയ്‌ ബി പാറ്റിന്‍സണ്‍ 10, സേവാഗ്‌ ബി പാറ്റിന്‍സണ്‍ 2, പൂജാര ബി പാറ്റിന്‍സണ്‍ 44, സച്ചിന്‍ ബി ലിയോണ്‍ 81, കോഹ്ലി സി സ്‌റ്റാര്‍ക്‌ ബി ലിയോണ്‍ 107, ധോണി നോട്ടൗട്ട്‌ 206, രവീന്ദ്ര ജഡേജ ബി പാറ്റിന്‍സണ്‍ 16, അശ്വിന്‍ ബി ലിയോണ്‍ 3, ഹര്‍ഭജന്‍ സിംഗ്‌ ബി ഹെന്റിക്വസ്‌ 11, ഭുവനേശ്വര്‍ കുമാര്‍ നോട്ടൗട്ട്‌ 16. എക്‌സ്ട്രാസ്‌: 19. ആകെ (141 ഓവറില്‍) എട്ടിന്‌ 515.
വിക്കറ്റ്‌വീഴ്‌ച: 1-11, 2-12, 3-105, 4-196, 5-324, 6-365, 7-372, 8-406. ബൗളിംഗ്‌: സ്‌റ്റാര്‍ക്‌ 25-3-75-0, പാറ്റിന്‍സണ്‍ 26-5-89-4, സിഡില്‍ 22-5-61-0, ലിയോണ്‍ 40-1-182-3, ഹെന്റിക്വസ്‌ 17-4-48-1, ക്ലാര്‍ക്ക്‌ 8-2-25-0, വാര്‍ണര്‍ 3-0-19-0.

 




കൂടുതല്‍വാര്‍ത്തകള്‍.