Breaking Now

മാർപാപ്പ പെൺകുട്ടികളുടെ കാൽ കഴുകിയതിനെതിരെ രൂക്ഷവിമർശനം

കീഴ്‌വഴക്കങ്ങൾ മറികടന്ന് ഫ്രാൻസിസ് പാപ്പ പെസഹാ ദിനത്തിൽ രണ്ട് പെൺകുട്ടികളുടെ കാൽകഴുകി ചുംബിച്ചതിനെ യാഥാസ്ഥിതികർ വിമർശിച്ചു.

പെൺകുട്ടികളിലൊരാൾ മുസ്ലിമാണെന്നത് വിമർശനത്തിന് കൂടുതൽ ശക്തി പകർന്നു.റോമിൽ 14-നും 21-നും ഇടയ്ക്ക് പ്രായമുള്ള കുറ്റവാളികളെ പാർപ്പിക്കുന്ന കാസൽ ഡെൽ മാർമോ കേന്ദ്രത്തിലായിരുന്നു കാൽകഴുകൽ ശുശ്രൂഷ. പാപ്പ തറയില്‍ മുട്ടുകുത്തി നിന്ന് പന്ത്രണ്ടോളം പേരുടെ കാല്‍ കഴുകി തൂവാലകൊണ്ട് കാലുകള്‍ തുടച്ച് അവ ചുംബിച്ചു. ഇവരിൽ രണ്ട് പെൺകുട്ടികളാണുണ്ടായിരുന്നത്. ഒരാള്‍ സെര്‍ബിയന്‍ മുസ്ലീമായിരുന്നു.

പന്ത്രണ്ടു ശിഷ്യന്‍മാര്‍ക്കു ക്രിസ്തു കാല്‍ കഴുകി കൊടുത്തിന്റെ സ്മരണയ്ക്കാണ് ഈ ചടങ്ങ് നടത്തുന്നത്. ശിഷ്യഗണത്തില്‍ സ്ത്രീകള്‍ ഇല്ലാതിരുന്നതിനാല്‍ ഇവരെ ഉള്‍പ്പെടുത്തുക പതിവുണ്ടായിരുന്നില്ലെന്ന് വിമർശകർ പറയുന്നു. തന്റെ സ്വന്തം നിയമമാണ് പാപ്പ ലംഘിച്ചിരിക്കുന്നത്. ഇത് ചോദ്യം ചെയ്യപ്പെടേണ്ട ഉദാഹരണമാണെന്ന് ഇവർ സ്വന്തം വെബ്സൈറ്റുകളിൽ ചൂണ്ടിക്കാട്ടി.

അതേസമയം വത്തിക്കാന്റെ ഔദ്യോഗിക വക്താവ് ഈ വിമർശനങ്ങൾ തള്ളിക്കളഞ്ഞു. പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളെ പെസഹാ ദിനത്തിൽ സന്ദർശിക്കാനും അവരുടെ കാൽ കഴുകാനും നേരത്തെതന്നെ തീരുമാനിച്ചിരുന്നതാണെന്ന് വക്താവ് പറഞ്ഞു. അങ്ങനെ ചെയ്യുന്പോൾ പെൺകുട്ടികളെ ഒഴിവാക്കുന്നത് സ്നേഹത്തിന്റെ സന്ദേശം എല്ലാവരിലുമെത്തിക്കണമെന്ന ഏറ്റവും ലളിതമായ കർത്തവ്യത്തിനു വിരുദ്ധമാകുമെന്ന് വത്തിക്കാൻ ചൂണ്ടിക്കാട്ടി.

ഇത്രയും കാലത്തെ വത്തിക്കാൻ ചരിത്രത്തിനിടെ ഒരു മാര്‍പാപ്പയും സ്ത്രീകളുടെ കാല്‍ കഴുകി ചുംബിച്ചിട്ടില്ല.

ഇതിനാണ് ഇപ്പോള്‍ പുതിയ പാപ്പ മാറ്റം വരുത്തിയിരിക്കുന്നത്. കാല്‍ കഴുകുന്നതിലൂടെ നിങ്ങളുടെ സേവകനാണ് ഞാന്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്- പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളോട് അദ്ദേഹം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.