CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 42 Seconds Ago
Breaking Now

വിവാഹത്തിന് മുന്‍പുള്ള ലൈംഗികത വേണ്ട; സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിവരം വെയ്ക്കാന്‍ ക്ലാസ് എടുക്കണമെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്; സുഖഭോഗങ്ങള്‍ ത്യജിക്കുന്നതും, ബ്രഹ്മചര്യവും നന്മയാണെന്ന് പഠിക്കട്ടെ; ലൈംഗികത ദൈവത്തിന്റെ സമ്മാനം

ഫോണിലും കമ്പ്യൂട്ടറിലും ഏതാനും ക്ലിക്കുകള്‍ അകലെയാണ് സെക്‌സ്. ഇതില്‍ സ്വന്തം ആരോഗ്യവും മനസ്സും, അന്തസ്സും ഉയര്‍ത്തിപ്പിടിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കണം.

ഇന്നത്തെ ലോകത്ത് സുഖഭോഗങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഏറെയാണ്. അങ്ങിനെയിരിക്കുമ്പോള്‍ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യവും. സ്‌കൂളില്‍ ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ പോലും ലൈംഗികബന്ധങ്ങളിലേക്ക് നീങ്ങുന്ന ആശങ്കാജനകമായ സമയത്ത് ഇക്കാര്യങ്ങളില്‍ സ്‌കൂളുകള്‍ക്ക് ചില ഉത്തരവാദിത്വങ്ങളുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. സുഖഭോഗങ്ങള്‍ ത്യജിക്കുന്നതും, ബ്രഹ്മചര്യവും ജീവിതത്തിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളാണെന്ന് കുട്ടികളെ പഠിപ്പിക്കണമെന്നാണ് ചര്‍ച്ച് ചീഫ് എഡ്യുക്കേഷന്‍ ഓഫീസര്‍ റവ. നിഗല്‍ ജെന്‍ഡേഴ്‌സ് ആവശ്യപ്പെടുന്നത്. 

ലൈംഗികതയും, ആരോഗ്യപരമായ ബന്ധങ്ങളും ദൈവത്തിന്റെ സമ്മാനങ്ങളാണ്, അവ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരുന്നതാകണം. ചെറുപ്പക്കാര്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും റവ. നിഗല്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യപരമായ ബന്ധങ്ങളും, ജീവിതരീതികളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കാനും ചര്‍ച്ച് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ റിലേഷന്‍ഷിപ്പ്‌സ് & സെക്‌സ് എഡ്യുക്കേഷന്‍ എന്ന വിഷയത്തിലെ കരടിന്മേലുള്ള സഭയുടെ ഔദ്യോഗിക നിലപാട് കൂടിയാണിത്. ചര്‍ച്ച് സ്‌കൂളുകളില്‍ സഭയുടെ രീതികളില്‍ ഉറച്ചുനിന്നാകും ഈ വിഷയങ്ങളെ സമീപിക്കുകയെന്നും റവ. നിഗല്‍ വ്യക്തമാക്കി. 

വിശ്വാസം, സദാചാരം എന്നിവയാണ് ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹത്തിന്റെ തത്വങ്ങളെന്നും, ലൈംഗിക ബന്ധത്തിനുള്ള അടിസ്ഥാന ശിലയായി ഇതിനെ കാണണം. കുട്ടികളെ അവസരങ്ങള്‍ക്കും, സന്തോഷങ്ങള്‍ക്കും, വെല്ലുവിളികളും, ഉത്തരവാദിത്വങ്ങളും നേരിടാനായി ഒരുക്കണം. എല്ലാ ബന്ധങ്ങളിലും കുട്ടികള്‍ സുരക്ഷിതരായി ഇരിക്കാനുള്ള രീതിയാണ് ആര്‍എസ്ഇ മുന്നോട്ട് വെയ്‌ക്കേണ്ടത്. ആധുനിക ലോകത്ത് ശരിയും തെറ്റും തിരിച്ചറിഞ്ഞ് അപകടങ്ങളെയും പ്രതീക്ഷകളെയും തരണം ചെയ്യാന്‍ പഠിപ്പിക്കണം. കുട്ടികളുടെ ജീവിതം വളരണം, ആരോഗ്യപരമാകണം. സ്‌കൂളുകള്‍ വിശ്വാസങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കണം. 

ഫോണിലും കമ്പ്യൂട്ടറിലും ഏതാനും ക്ലിക്കുകള്‍ അകലെയാണ് സെക്‌സ്. ഇതില്‍ സ്വന്തം ആരോഗ്യവും മനസ്സും, അന്തസ്സും ഉയര്‍ത്തിപ്പിടിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കണം. മറ്റ് മതവിശ്വാസങ്ങളുള്ളവരുടെയും രീതികള്‍ കണക്കാക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറേണ്ടത് ശരിയായ വിവരങ്ങള്‍ മാത്രമാണ്, റവ. നിഗല്‍ ഓര്‍മ്മിപ്പിച്ചു.  




കൂടുതല്‍വാര്‍ത്തകള്‍.