കുടിശ്ശിക പിരിച്ചുകിട്ടാനുള്ള കാര്യങ്ങളെക്കുറിച്ച് സാധാരണ ഗതിയില്‍ സംസാരിക്കാറുള്ളത് ഏതെങ്കിലും ബാങ്കുകളോ, മറ്റ് ധനകാര്യ സ്ഥാപനങ്ങളോ ഒക്കെയാകും. എന്നാല്‍ ആരോഗ്യരംഗത്ത് സേവനം നല്‍കുന്ന എന്‍എച്ച്എസ് ഇംഗ്ലണ്ട് ഈ പണപ്പിരിവിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ എന്തോ എവിടെയോ ഒരു പ്രശ്‌നമുണ്ടെന്ന് ആര്‍ക്കും തോന്നിപ്പോകും. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ധനനഷ്ടത്തില്‍ പ്രധാന കാരണമാകുന്ന ഹെല്‍ത്ത് ടൂറിസത്തില്‍ നിന്നും പിരിഞ്ഞുകിട്ടാനുള്ള തുക ഞെട്ടിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 139 മില്ല്യണ്‍ പൗണ്ടാണ് എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് കുടിശ്ശിക ബാക്കി നില്‍ക്കുന്നത്.
2013 മുതല്‍ ചികിത്സ തേടിയെത്തുന്ന ടൂറിസ്റ്റുകളുടെ കൈയില്‍ നിന്നും ഫീസ് ഈടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആകെ തിരികെ ലഭിച്ചത് 86 മില്ല്യണ്‍ പൗണ്ട് മാത്രമാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇംഗ്ലണ്ടില്‍ മാത്രം നടത്തിയ ചികിത്സയിലാണ് 139 മില്ല്യണ്‍ പൗണ്ട് പിരിഞ്ഞുകിട്ടാനുള്ളത്. വിദേശ രോഗികളില്‍ നിന്നും ചികിത്സയ്ക്ക് പണം ഈടാക്കാനും, ഇതിനായി ശക്തി പ്രയോഗിക്കാനുമുള്ള നടപടികള്‍ ഫലം കാണുന്നില്ലെന്നതാണ് സത്യം. 225 മില്ല്യണ്‍ പൗണ്ട് ബില്‍ നല്‍കിയതില്‍ നിന്നാണ് 86 മില്ല്യണ്‍ മാത്രം തിരിച്ചുപിടിച്ചത്.
എന്‍എച്ച്എസില്‍ സൗജന്യ ചികിത്സയ്ക്ക് യോഗ്യരല്ലാത്ത വിദേശികള്‍ യുകെയിലെത്തി ചികിത്സ നടത്തി അതിന്റെ ബില്‍ നികുതിദായകരുടെ തലയില്‍ വെച്ച് സ്ഥലം വിടുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് ലേബര്‍ എംപിയും, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍ മെഗ് ഹില്ലിയര്‍ വ്യക്തമാക്കി. ചില ആശുപത്രികള്‍ വിദേശികള്‍ക്ക് ബില്‍ നല്‍കാന്‍ പോലും മടിക്കുന്നു.
ഹെല്‍ത്ത് സര്‍വ്വീസ് ആര് ഉപയോഗിക്കുന്നു എന്ന് നിരീക്ഷിക്കേണ്ടത് തങ്ങളുടെ ചുമതലയല്ലെന്ന് മെഡിക്കുകളില്‍ പൊതുവായ നിലപാടുണ്ട്. ഏറ്റവും കൂടുതല്‍ ബില്‍ അടിക്കുകയും, കുറച്ച് പിരിക്കുകയും ചെയ്ത പട്ടികയില്‍ സ്ഥാനം പിടിച്ച നാല് ആശുപത്രികള്‍ ഇവയാണ്: 1) യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ബര്‍മിംഗ്ഹാം എന്‍എച്ച്എസ് ഫൗണ്ടേഷന്‍ 2) ബാര്‍ക്കിംഗ്, ഹാവറിംഗ് & റെഡ്ബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ്, എസെക്‌സ് 3) കിംഗ്‌സ് കോളേജ് ലണ്ടന്‍ 4) ബാര്‍ത്സ് ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റ്.
അതേസമയം കടങ്ങള്‍ എഴുതിത്തള്ളാന്‍ മനസ്സിലെന്ന രീതിയില്‍ ശക്തമായി പിരിവ് നടത്തുന്ന ആശുപത്രികളുമുണ്ട്. ഷെഫീല്‍ഡ് ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്നിവര്‍ ഈ പ്രകടനത്തില്‍ മുന്നിലാണ്. വിദേശികള്‍ സൗജന്യ ചികിത്സ നടത്തി സ്ഥലം വിടുന്നത് എന്‍എച്ച്എസിനും, നികുതിയാദകര്‍ക്കും വലിയ ബാധ്യതയാണ് വരുത്തിവെയ്ക്കുന്നത്.