CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 54 Minutes 40 Seconds Ago
Breaking Now

ഹര്‍ത്താലിന്റെ മറവില്‍ കലാപം തന്നെയായിരുന്നു അവരുടെ ലക്ഷ്യം ; സര്‍ക്കാര്‍ ഈ സംഭവത്തെ ലഘൂകരിച്ച് കാണരുതെന്നും വി ഡി സതീശന്‍

പിന്നിലുള്ള കൃത്യമായ അജണ്ട പൊതുജനങ്ങള്‍ തിരിച്ചറിയണം. സര്‍ക്കാര്‍ സംവിധാനത്തിന്റെ പൂര്‍ണ്ണമായ പരാജയം ആണ് ഇന്ന് നമ്മള്‍ കണ്ടത്.

ജമ്മുകശ്മീരില്‍ എട്ടുവയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ജനകീയ ഹര്‍ത്താലെന്ന പേരില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍. ഹര്‍ത്താലെന്ന പേരില്‍ കലാപം നടത്തുകയായിരുന്നു ചിലരുടെ ലക്ഷ്യമെന്ന് എംഎല്‍എ പറയുന്നു

പോസ്റ്റിങ്ങനെ

കാശ്മീരില്‍ എട്ടു വയസ്സുള്ള ഒരു കുട്ടിയെ പിച്ചിച്ചീന്തിയ സംഭവം മനസ്സാക്ഷിയുള്ള എല്ലാവരെയും ഞെട്ടിച്ചതാണ്. ഒരു മതത്തിന്റെയും ജാതിയുടെയും പേരിലല്ലാതെ മാനവികതയുടെ പേരില്‍ ഇതിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമാധാനപരമായ പ്രക്ഷോഭങ്ങളിലാണ്. എന്നാല്‍ വര്‍ഗ്ഗീയ വികാരം ആളിക്കത്തിക്കുക എന്ന ലക്ഷ്യത്തോടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും, അപഹസിച്ചുമെല്ലാം വലിയ പ്രകോപനം ആര്‍.എസ്.എസിന്റെ പ്രവര്‍ത്തകരില്‍ നിന്നുണ്ടായത് നാം കണ്ടതാണ്. ആര്‍.എസ്.എസിന്റെ സംസ്ഥാന നേതാക്കന്മാരില്‍ ഒരാളുടെ മകന്റെ പോലും പ്രസ്താവന മറു വിഭാഗത്തെ പ്രകോപിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു. സമാധാനം കാംക്ഷിക്കുന്ന കേരളത്തിലെ എല്ലാ മതത്തിലും പെട്ട പ്രബുദ്ധരായ ജനങ്ങള്‍ ആ പ്രകോപനം തള്ളിക്കളഞ്ഞു കൊണ്ട് സമാധാനപരമായ പ്രതിഷേധം നടത്തുമ്പോഴാണ് എതിര്‍ ചേരിയില്‍ പെട്ട ചില സംഘടനകളുടെ പ്രവര്‍ത്തകര്‍ ഇന്ന് ആസൂത്രിതമായ കലാപം വടക്കന്‍ കേരളത്തിലെ പല ജില്ലകളിലും സൃഷ്ടിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഒരു ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തി, അതിന്റെ മറവില്‍ വലിയ ആസൂത്രണത്തോടെ ഉള്ള കലാപം തന്നെയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിന്റെ പിന്നില്‍ കേരളത്തിന്റെ സോഷ്യല്‍ ഫാബ്രിക് വലിച്ചു കീറുക എന്ന ഗൂഢമായ ലക്ഷ്യം തന്നെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിനു പിന്നിലുള്ള കൃത്യമായ അജണ്ട പൊതുജനങ്ങള്‍ തിരിച്ചറിയണം. സര്‍ക്കാര്‍ സംവിധാനത്തിന്റെ പൂര്‍ണ്ണമായ പരാജയം ആണ് ഇന്ന് നമ്മള്‍ കണ്ടത്. ഇത്ര വലിയ കലാപത്തിനുള്ള കോപ്പു കൂട്ടുമ്പോഴും നമ്മുടെ ഇന്റലിജന്‍സ് സംവിധാനം ഉറങ്ങുകയായിരുന്നു. ആയുധങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ചു കൊണ്ട് നൂറു കണക്കിന് ആള്‍ക്കാര്‍ സംഘടിക്കുന്നത് കാണാന്‍ കഴിയാത്ത വിധം നിഷ്‌ക്രിയമായ ഒരു സംവിധാനം വലിയ വീഴ്ചയാണ് വരുത്തിയത്. സര്‍ക്കാര്‍ ഈ സംഭവത്തെ ലഘൂകരിച്ചു കാണരുത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢശക്തികളെ കണ്ടെത്തണം. രാജ്യത്തിന്റെ കെട്ടുറപ്പിനെ ഭയക്കുന്ന ഇരു വിഭാഗത്തുമുള്ള ഗൂഢശക്തികള്‍ നടത്തുന്ന ഈ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെയും പൊതുജനം തിരിച്ചറിഞ്ഞു പ്രതിരോധിക്കണം. ഏറ്റവും നിര്‍ണ്ണായകമായ ഈ സമയത്തു രാജ്യത്തിന്റെ സോഷ്യല്‍ ഫേബ്രിക് വലിച്ചു കീറാന്‍ ഈ കഴുകന്മാരെ അനുവദിക്കരുത്. അത് ആ കുഞ്ഞിന് നീതി ലഭിക്കാന്‍ വേണ്ടി നടക്കുന്ന പ്രതിഷേധങ്ങളെ തന്നെ ഇല്ലാതാക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.