പ്രാര്‍ത്ഥനകളില്‍ മുഴുകിക്കഴിയുന്ന ജീവിതമാണ് കന്യാസ്ത്രീകളുടേത്. എന്നാല്‍ കാലം മാറിയപ്പോള്‍ ഇതില്‍ ഏറെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. സോഷ്യല്‍ മീഡിയയുടെ കാലത്ത് കന്യാസ്ത്രീകളും ഫേസ്ബുക്കിലും, ട്വിറ്ററിലുമൊക്കെ സജീവമാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അത്രയൊന്നും സജീവമാകേണ്ടെന്നാണ് വത്തിക്കാന്‍ ഉത്തരവിറക്കിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സമയം ചെവാക്കുന്നതിന് പകരം കൂടുതല്‍ സമയം സമാധാനമായിരുന്ന് ധ്യാനിക്കാനാണ് വത്തിക്കാന്‍ ആവശ്യപ്പെടുന്നത്. കന്യാസ്ത്രീകളുടെ ട്വീറ്റിംഗ് വര്‍ദ്ധിച്ചതും, വാര്‍ത്തകള്‍ വായിക്കുന്നത് കൂടിയതും പ്രാര്‍ത്ഥനകള്‍ നിറഞ്ഞ ജീവിതത്തെ ബാധിക്കുന്നതായാണ് വത്തിക്കാന്റെ വിലയിരുത്തല്‍. 2016ല്‍ പ്രസിദ്ധീകരിച്ച പോപ്പ് ഫ്രാന്‍സിസിന്റെ അപ്പോസ്തലിക് കോണ്‍സ്റ്റിറ്റിയൂഷന്‍ ജീവിതത്തില്‍ പകര്‍ത്താനാണ് നിബന്ധന.
ഈ ഭരണഘടനയില്‍ സെമിനാരികളുടെ പ്രവര്‍ത്തനം സംബന്ധിച്ച നിയമപരവും, അഡ്മിനിസ്‌ട്രേറ്റീവ്, ആത്മീയ നിബന്ധനകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കുന്നില്ലെങ്കിലും ഉപയോഗം കുറയ്ക്കാനാണ് ആവശ്യപ്പെടുന്നത്. നിശബ്ദമായ പ്രാര്‍ത്ഥനകള്‍ നടക്കേണ്ട ഇടങ്ങള്‍ ശബ്ദമുഖരിതമാകുകയാണ് ഇപ്പോള്‍. ധ്യാനപൂര്‍ണ്ണമായ ജീവിതത്തില്‍ മുഴുകി അനാവശ്യമായി സമയം പാഴാക്കാതിരിക്കാനും വത്തിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
ആര്‍ച്ച്ബിഷപ്പ് ജോസ് റോഡ്രിഗസ് കാര്‍ബാലോയാണ് ഈ രേഖ അവതരിപ്പിച്ചത്. ധ്യാനപൂര്‍ണ്ണമായ ജീവിതം കാത്തുസൂക്ഷിക്കാനാണ് നിബന്ധനകളെന്നും വത്തിക്കാന്‍ കൂട്ടിച്ചേര്‍ക്കുന്നു.