CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 52 Minutes 42 Seconds Ago
Breaking Now

യുക്മ ദേശീയ കലാമേള ഒക്ടോബര്‍ ഇരുപത്തിയേഴിന്. യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്‍ ആതിഥേയത്വം വഹിക്കും. റീജിയണല്‍ കലാമേളകളുടെ തീയതി പ്രഖ്യാപിച്ചു.

കലാപ്രേമികളുടെ ആകാംക്ഷക്ക്  വിരാമമിട്ടുകൊണ്ട് യുക്മയുടെ കലാമേളകള്‍ക്ക് കേളികൊട്ടുയരുന്നു.

2018  ലെ യുക്മയുടെ റീജണല്‍ കലാമേളകളുടെയും നാഷണല്‍ കലാമേളയുടെയും തീയതികള്‍ക്ക് തീരുമാനമായതോടെ ഇനി പരിശീലനത്തിന്റെ നാളുകള്‍ ആരംഭിക്കുകയായി. വീറും വാശിയും കലര്‍ന്ന മത്സരങ്ങള്‍ പല കണക്കുകൂട്ടലുകളെയും തെറ്റിക്കാറുണ്ട്. പുതിയ കലാ പ്രതിഭകളെയും കലാ തിലകങ്ങളെയും സൃഷ്ടിക്കാറുണ്ട്. പുതുമയുള്ള വിഭവങ്ങള്‍ തട്ടില്‍ അരങ്ങേറാറുണ്ട്. 

യുക്മയുടെ ചരിത്രത്തില്‍ ആദ്യമായി പ്രവാസിമലയാളികളുടെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് വേദിയാകുവാന്‍ യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയനെയാണ് നാഷണല്‍ കമ്മറ്റി ഈ തവണ തിരഞ്ഞെടുത്തത്എന്ന് നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പും സെക്രട്ടറി റോജിമോന്‍ വര്‍ഗീസും അറിയിച്ചു.  ഒക്ടോബര്‍ മാസം ഇരുപത്തിയേഴാം തീയതി ശനിയാഴ്ച നടക്കുന്ന കലാമേളയില്‍ മത്സരിക്കുന്നതിന് യോഗ്യത നേടുവാനുള്ള  റീജിയണല്‍ മത്സരങ്ങളുടെ തീയതികളും ഒട്ടുമിക്ക റീജിയനുകളും തീരുമാനിച്ചുകഴിഞ്ഞു.

പതിവ് തെറ്റിക്കാതെ ഇത്തവണയും  റീജിയണല്‍ കലാമേളയുടെ  തീയതിയും  വേദിയും ആദ്യമേ പ്രഖ്യാപിച്ചുകൊണ്ട്  യോര്‍ക്ക് ഷെയര്‍  ആന്‍ഡ് ഹംബര്‍ റീജിയണ്‍ ഒരു പടി മുന്നില്‍ത്തന്നെയാണ്. സെപ്തംബര്‍ മാസം ഇരുപത്തി ഒമ്പതാം തീയതി കീത്തിലി മലയാളി അസോസിയേഷന്റെ ആതിഥേയത്തില്‍ കലാമേളയ്ക്ക് തിരിതെളിയുമ്പോള്‍ ഒരു പക്ഷെ റീജിയണല്‍ കലാമേളയുടെ ഉത്ഘാടനമാവും അവിടെ നടക്കുക.   

ഒക്ടോബര്‍ ആറ്  ശനിയാഴ്ച  മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കലാമേളയും ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കലാമേളയും നടക്കുമ്പോള്‍ നാഷണല്‍ കലാമേളയുടെ ഒരു മിനി പതിപ്പാവും അരങ്ങേറുക എന്നതില്‍ സംശയം വേണ്ട. ഒക്ടോബര്‍ പതിമൂന്ന്   ശനിയാഴ്ച പ്രഗത്ഭരായ സൗത്ത് വെസ്റ്റ് റീജിയന്റെയും സൗത്ത് ഈസ്റ്റ് റീജിയന്റെയും കലാമേളകള്‍ അരങ്ങേറും. മിക്ക വര്‍ഷങ്ങളിലും ഈ രണ്ടു റീജിയന്റെയും കലാമേളകള്‍ ഒരേദിവസമാണ് നടക്കുക എന്നത് യാദൃശ്ചീകമാവാം. 

നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ കലാമേളയുടെ തീയതി ഏകദേശ ധാരണയായെങ്കിലും ചില കാര്യങ്ങളില്‍ അന്തിമ തീരുമാനമാകാത്തതിനാല്‍ ഇപ്പോള്‍ തീയതി പറയാനാകില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.  ഒക്ടോബര്‍ ഇരുപതാം തീയതി  ശനിയാഴ്ച  മാഞ്ചസ്റ്ററില്‍ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള അരങ്ങേറുമ്പോള്‍ റീജിയണല്‍ കലാമേളയ്ക്ക് വിരാമമാവും. തുടര്‍ന്ന് എല്ലാ കണ്ണുകളും യോര്‍ക്ഷയറിലേക്ക്. 

 യു.കെ. മലയാളികളുടെ ഉത്സവദിനങ്ങളായി  മാറിക്കഴിഞ്ഞ യുക്മ കലാമേളകള്‍ പ്രതിഭയുടെ മാറ്റുരക്കലാകുമെന്നതില്‍ സംശയമില്ല. ആയിരത്തിലധികം കലാകാരന്മാരും കലാകാരികളും മത്സരാര്‍ത്ഥികളായി എത്തിച്ചേരുന്ന യുക്മ ദേശീയ കലാമേളയില്‍ കലയെ സ്‌നേഹിക്കുന്ന യു.കെ. മലയാളികളായ ആയിരങ്ങള്‍  കാണികളായും  ഒത്തുചേരുമ്പോള്‍  ലോക പ്രവാസി സമൂഹങ്ങളിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിനാണ് തിരശീലയുയരുക. യുകെ മലായാളികളുടെ ദേശീയോത്സവം എന്ന ഖ്യാതി നേടിയ നാഷണല്‍ കലാമേള ഒക്ടോബര്‍ ഇരുപത്തിയേഴാം തീയതി ശനിയാഴ്ച യോര്‍ക്ഷയര്‍ ഹംബര്‍ റീജിയനില്‍ നടക്കുമ്പോള്‍ അതിന്റെ ഭാഗമാകുവാന്‍  യുക്മ ദേശീയ കമ്മറ്റി ഏവരേയും സ്വാഗതം ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

വര്‍ഗീസ് ഡാനിയേല്‍

യുക്മ പി. ആര്‍. ഒ




കൂടുതല്‍വാര്‍ത്തകള്‍.