ശൈത്യകാലത്ത് ഫ് ളൂ പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത് ജീവനക്കാരെ സുരക്ഷിതമാക്കാനാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് തയ്യാറെടുക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കാര്യമായ ഫലം ഉണ്ടാകാതെ പോയ വാക്‌സിനേഷന്‍ എടുക്കാന്‍ ജീവനക്കാര്‍ വൈമുഖ്യം കാണിക്കുന്നു. വാക്‌സിന്‍ എടുക്കാന്‍ സന്നദ്ധരാകാത്ത എന്‍എച്ച്എസ് ഇംഗ്ലണ്ട് ഹെല്‍ത്ത് ജീവനക്കാര്‍ ഇതിനുള്ള കാരണം ബോധിപ്പിക്കണമെന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ശൈത്യകാലത്ത് ജീവനക്കാരുടെ എണ്ണം കുറയുന്ന സാഹചര്യം ഒഴിവാക്കാനുള്ള ശ്രമമാണ് എന്‍എച്ച്എസ് നടത്തുന്നത്. രോഗം ബാധിക്കുന്ന ജീവനക്കാര്‍ ലീവെടുക്കുന്നതോടെ ആശുപത്രികളില്‍ സമ്മര്‍ദമേറും. ഇതോടൊപ്പം രോഗികള്‍ക്ക് സംരക്ഷണം നല്‍കാനും പ്രതിരോധ കുത്തിവെയ്പ്പ് എടുത്താല്‍ സാധിക്കും. വാക്‌സിനേഷന്‍ എടുക്കാന്‍ വിസമ്മതിക്കുന്ന ജീവനക്കാരെ പ്രശ്‌നബാധിതമായ പ്രദേശങ്ങളില്‍ അസുഖബാധിതരായ രോഗികളെ പരിചരിക്കാന്‍ അനുവദിക്കില്ല.
കഴിഞ്ഞ വര്‍ഷം 64 ശതമാനം ജീവനക്കാരാണ് ഫ് ളൂ വാക്‌സിനേഷന്‍ സ്വീകരിച്ചത്. ഒരു ദശകത്തിനിടെയുള്ള ഏറ്റവും മോശം പനിക്കാലമാണ് കഴിഞ്ഞ തവണ കടന്നുപോയത്. ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ വിവിധ ട്രസ്റ്റുകള്‍ വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നത്. പ്രതിരോധ കുത്തിവെയ്പ്പ് എടുത്താല്‍ എന്‍എച്ച്എസിന് സ്വന്തം ജീവനക്കാരുടെ രോഗം മാറ്റാന്‍ മെനക്കെടേണ്ടതില്ലെന്നാണ് ഒകുപേഷണല്‍ ഹെല്‍ത്ത് മേധാവി ഫില്‍ ഡെന്നി ചൂണ്ടിക്കാണിക്കുന്നത്.
എന്‍എച്ച്എസ് ജീവനക്കാര്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നത് നിര്‍ബന്ധമല്ലെങ്കിലും സേവനങ്ങള്‍ തടസ്സമില്ലാതെ നടക്കാന്‍ ഇത് ആവശ്യമാണെന്നാണ് വിലയിരുത്തല്‍.