Breaking Now

കടൽക്കൊല: അന്വേഷണ ഏജൻസിയെ 22ന് തീരുമാനിക്കും

കടൽക്കൊല കേസ് ഏത് ഏജൻസി അന്വേഷിക്കണമെന്ന കാര്യത്തിൽ സുപ്രീംകോടതി 22ന് വിധി പറയും.

ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിക്കുന്നത് ഇറ്റലി എതിർത്തതിനെത്തുടർന്നാണിത്.

കേസ് എൻ.ഐ.എ അന്വേഷിക്കുമെന്ന് ഏപ്രിൽ 15ന് കേന്ദ്രസർക്കാർ ഉത്തരവിറക്കിയതായി അറ്റോർണി ജനറൽ ജി.ഇ. വാഹൻവതി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേസ് എൻ.ഐ.എയുടെ അധികാരപരിധിയിൽ വരില്ലെന്ന് ഇറ്റലിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു. 302-ാം വകുപ്പ് പ്രകാരം സി.ബി.ഐ പോലുള്ള ഏജൻസിക്ക് അന്വേഷിക്കാവുന്ന കുറ്റമാണ് കേസിലുള്ളത്. എൻ.ഐ.എ അന്വേഷിക്കുമ്പോൾ സുവാ നിയമം കേസിൽ വരും. ക്രിമിനൽ ശിക്ഷാ നടപടി ക്രമം, ഇന്ത്യൻ ശിക്ഷാ നിയമം, കടൽനിയമം, യുഎൻ ക്ളോസ് എന്നിവ മാത്രമെ പരിഗണിക്കാവൂ. സുവാ നിയമപ്രകാരം ഇറ്റാലിയൻ ഭടന്മാർക്ക് വധശിക്ഷ ഉറപ്പാണെന്നും അത് കേന്ദ്രസർക്കാർ ഇറ്റലിക്ക് നൽകിയ ഉറപ്പിന് വിരുദ്ധമാണെന്നും റോത്തഗി ചൂണ്ടിക്കാട്ടി.

എന്നാൽ അറ്റോണി ജനറൽ ജി.ഇ. വാഹൻവതി ഇതിനെ എതിർത്തു. കേസ് എൻ.ഐ.എ അന്വേഷിക്കുമെന്നും 60 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു . എൻ.ഐ.എ ഏതുതരത്തിൽ അന്വേഷണം നടത്തുമെന്നത് ഇപ്പോൾ പറയാനാകില്ലെന്നും വാഹൻവതി പറഞ്ഞു. ഇരു ഭാഗത്തിന്റെയും വാദം കേട്ടശേഷം ചീഫ് ജസ്‌റ്റിസ് അൽത്തമസ് കബീർ, ജസ്‌റ്റിസുമാരായ അനിൽ ആർ. ദവെ, വിക്രം ജിത്ത് സെൻ എന്നിവരുൾപ്പെട്ട ബെഞ്ച് ഏപ്രിൽ 22ന് അന്വേഷണ ഏജൻസിയെ തീരുമാനിക്കുമെന്ന് അറിയിച്ചു

സുവാ നിയമം

2000ൽ നിലവിൽ വന്ന നിയമം കടലിലെ കുറ്റകൃത്യങ്ങൾക്ക് ബാധകം. സുവാ പ്രകാരം കൊലക്കുറ്റത്തിന് ശിക്ഷ തൂക്കുകയർ. 200 നോട്ടിക്കൽ മൈൽ അകലത്തിലുള്ള എക്‌സ്ക്ളൂസീവ് എക്കണോമിക് സോണിലും നിയമം ബാധകം.

പബ്ളിക് പ്രൊസീക്യൂട്ടർമാരെ

തീരുമാനിച്ചു

പ്രത്യേക കോടതിയിൽ നടക്കുന്ന കടൽക്കൊല കേസ് വിചാരണയിൽ സ്‌പെഷ്യൽ പബ്ളിക് പ്രൊസീക്യൂട്ടർമാരായി അഡീഷണൽ സോളിസിറ്റർ ജനറൽ സിദ്ധാർത്ഥ ലൂത്ര, അഡ്വ. സതീഷ് എൽ. മനേഷിൻഡെ എന്നിവർ ഹാജരാകും. പാട്യാല ഹൗസ് കോടതി സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിലായിരിക്കും കുറ്റപത്രം സമർപ്പിക്കുക. കേസ് പിന്നീട് പ്രത്യേക കോടതിയായി നിർദ്ദേശിക്കപ്പെട്ട അഡീഷണൽ സെഷൻസ് കോടതിക്ക് കൈമാറും.

 

 




കൂടുതല്‍വാര്‍ത്തകള്‍.