മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യമായ ഗഗന്‍യാന്‍ 2021 ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. മൂന്നു സഞ്ചാരികളെയാണ് ഗഗന്‍യാന്‍ ദൗത്യത്തിലൂടെ ബഹിരാകാശത്ത് എത്തിക്കുക. ഇതിനായി മുപ്പതിനായിരം കോടി കേന്ദ്രം അനുവദിച്ചെന്നും ചന്ദ്രയാന്‍ -2 അടക്കം മൂന്നു പ്രധാന ദൗത്യങ്ങളും ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2020 ഡിസംബറിലും 2021 ജൂലൈയിലും മനുഷ്യനില്ലാതെ പരീക്ഷണാടിസ്ഥാനത്തില്‍ വിക്ഷേപണങ്ങള്‍ നടത്തും. പിന്നാലെ 2021 ഡിസംബറില്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുക. മൂന്നു സഞ്ചാരികളെ ഏഴു ദിവസത്തേയ്ക്ക് ബഹിരാകാശത്ത് എത്തിക്കുകയാണ് ദൗത്യം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെയാണ് യാത്രയില്‍ ഉള്‍പ്പെടുത്തുക.
ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2 ഈ വര്‍ഷം ഏപ്രിലില്‍ വിക്ഷേപിക്കും. ബഹിരാകാശ ഗവേഷണ രംഗത്ത് വളര്‍ച്ചയാണ് രാജ്യം ലക്ഷ്യമിടുന്നത് .