CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 25 Minutes 3 Seconds Ago
Breaking Now

ഈ സമയവും പാഴാക്കരുത്! തെരേസ മേയെ ഓര്‍മ്മിപ്പിച്ച് ഇയു നേതാക്കള്‍; ബ്രക്‌സിറ്റ് ഒക്ടോബര്‍ 31 ഹലോവീന്‍ ദിനം വരെ വൈകിപ്പിക്കും; ഇനി ബ്രിട്ടീഷ് എംപിമാര്‍ കനിയണം

27 ഇയു നേതാക്കളില്‍ ഭൂരിഭാഗവും ബ്രക്‌സിറ്റ് ദീര്‍ഘമായി നീട്ടണമെന്ന് വാദിച്ചപ്പോള്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മേയെ പിന്തുണച്ചു

യൂറോപ്യന്‍ നേതാക്കളുടെ മുന്നില്‍ ദയവിനായി കാത്തിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഒക്ടോബര്‍ 31 വരെ ബ്രക്‌സിറ്റ് വൈകിപ്പിക്കാന്‍ അനുമതി. ഹലോവീന്‍ ദിനം വരെ ബ്രക്‌സിറ്റ് കരാറില്‍ അന്തിമതീരുമാനം കൈക്കൊള്ളാന്‍ ബ്രിട്ടന് സമയം ലഭിക്കും. ഇപ്പോള്‍ കൈയിലുള്ള കരാര്‍ ബ്രിട്ടീഷ് എംപിമാരെ കൊണ്ട് അംഗീകരിപ്പിക്കുക മാത്രമാണ് തെരേസ മേയ്ക്ക് മുന്നിലുള്ള പോംവഴി. വിത്‌ഡ്രോവല്‍ കരാര്‍ ഇനിയൊരു ചര്‍ച്ചയ്ക്കായി തുറക്കില്ലെന്ന നിലപാടിലാണ് ബ്രസല്‍സ്. അതുകൊണ്ട് തന്നെ ഈ സമയപരിധിയില്‍ വ്യക്തമായ മുന്നേറ്റം സൃഷ്ടിക്കാന്‍ ബ്രിട്ടന് സാധിക്കണം. 

ആറ് മാസത്തെ ദീര്‍ഘിപ്പിക്കലിനിടെ ജൂണില്‍ ഒരു ടെക്‌നിക്കല്‍ റിവ്യൂവിനും സമയമുണ്ട്. ജൂണ്‍ അവസാനത്തോടെ വിടവാങ്ങല്‍ നടപ്പാക്കാന്‍ അനുവദിക്കണമെന്നായിരുന്നു മേയുടെ ആവശ്യം. ഇതില്‍ നിന്നും വിഭിന്നമായാണ് യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ സമയം പ്രഖ്യാപിച്ചത്. ഈ നിലയിലും ജൂണ്‍ 30ന് മുന്‍പ് യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിക്കാന്‍ നമുക്ക് കഴിയുമെന്ന് മേയ് വാര്‍ത്താലേഖകരോട് പ്രതികരിച്ചു. ഇതിനായി പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍, മറ്റ് രാഷ്ട്രീയ നേതൃത്വങ്ങള്‍ എന്നിവരുമായി ചര്‍ച്ച തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ രാജിക്കായി മുറവിളി കൂട്ടുന്ന പാര്‍ട്ടിക്കാരോട് മേയ് പ്രതികരിച്ചില്ല. 

ഇയു തെരഞ്ഞെടുപ്പുകളില്‍ ബ്രിട്ടന്‍ പങ്കെടുത്തില്ലെങ്കില്‍ ജൂണ്‍ ഒന്നിന് യുകെ കരാര്‍ നേടാതെ ഇറങ്ങിപ്പോരേണ്ടി വരുമെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ മുന്നറിയിപ്പ് നല്‍കി. ഹിതപരിശോധന കഴിഞ്ഞ് മൂന്നാം വര്‍ഷം വരുന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് നിലവില്‍ രോഷാകുലരായ ബ്രക്‌സിറ്റ് സംഘത്തിന്റെ എതിര്‍പ്പ് നേടുന്നതാകും. 'അടുത്ത ഏതാനും ആഴ്ചകളില്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്ന് നടിക്കാനില്ല. പാര്‍ലമെന്റിലെ ഊരാക്കുടുക്ക് അഴിക്കാന്‍ എളുപ്പവഴിയുമില്ല. എന്നാല്‍ രാഷ്ട്രീയക്കാരെന്ന നിലയില്‍ ജനാധിപത്യപരമായെടുത്ത ഹിതപരിശോധനാ ഫലത്തെ സാക്ഷാത്കരിക്കാനുള്ള ഉത്തരവാദിത്വമുണ്ട്. ബ്രക്‌സിറ്റ് നടപ്പാക്കി രാജ്യത്തെ മുന്നോട്ട് നയിക്കണം. ഇതിലും പ്രധാനമായി ഒന്നുമില്ല', തെരേസ മേയ് വ്യക്തമാക്കി. 

27 ഇയു നേതാക്കളില്‍ ഭൂരിഭാഗവും ബ്രക്‌സിറ്റ് ദീര്‍ഘമായി നീട്ടണമെന്ന് വാദിച്ചപ്പോള്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മേയെ പിന്തുണച്ചു. ഇതോടെയാണ് ഒത്തുതീര്‍പ്പെന്ന നിലയില്‍ ഒക്ടോബര്‍ തീരുമാനിച്ചത്. കാര്യങ്ങള്‍ തീരുമാനിച്ചാല്‍ ഒക്ടോബര്‍ വരെ കാത്തിരിക്കേണ്ടെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌കും വ്യക്തമാക്കി. മികച്ച പരിഹാരം കണ്ടെത്താന്‍ ആവശ്യത്തിന് സമയമുണ്ട്, വെറുതെ പാഴാക്കരുത്, ടസ്‌ക് ഓര്‍മ്മിപ്പിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.