CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 35 Minutes 55 Seconds Ago
Breaking Now

ഗ്ലാസ്‌ഗോയില്‍ മൂന്ന് നില അപ്പാര്‍ട്ട്‌മെന്റ് ജനലിലൂടെ ഒരു വയസ്സുകാരി താഴേക്ക് പതിച്ചു; 24 മണിക്കൂറിന് ശേഷം ഗുരുതരമായ പരുക്കുകള്‍ക്ക് മുന്നില്‍ കീഴടങ്ങി

കുഞ്ഞ് ജനല്‍ വഴി പുറത്തേക്ക് വീണതില്‍ ദുരൂഹതയില്ലെന്നാണ് ഓഫീസര്‍മാര്‍ കരുതുന്നത്

അപ്പാര്‍ട്ട്‌മെന്റിന്റെ ജനലിലൂടെ പുറത്തേക്ക് വീണ് കുഞ്ഞ് മരിച്ചു. ഒരു വയസ്സുള്ള പെണ്‍കുഞ്ഞാണ് ജനലിലൂടെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് പതിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. സ്‌കോട്ട്‌ലണ്ടിലെ വെസ്റ്റ് ഡണ്‍ബാര്‍ട്ടന്‍ഷയറിലെ ക്ലൈഡ്ബാങ്കിലെ കെട്ടിടത്തില്‍ നിന്നുമാണ് കുഞ്ഞ് താഴേക്ക് വീണത്. ഗ്ലാസ്‌ഗോയിലെ റോയല്‍ ഹോസ്പിറ്റല്‍ ഫോര്‍ സിക്ക് ചില്‍ഡ്രനില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും പരുക്കുകള്‍ ഗുരുതരമായതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. 

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.10-ഓടെയാണ് ദുരന്തമുണ്ടായത്. സംഭവത്തിലെ ദൃക്‌സാക്ഷികളില്‍ നിന്നും സ്‌കോട്ട്‌ലണ്ട് പോലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. കുഞ്ഞ് ജനല്‍ വഴി പുറത്തേക്ക് വീണതില്‍ ദുരൂഹതയില്ലെന്നാണ് ഓഫീസര്‍മാര്‍ കരുതുന്നത്. 'കുഞ്ഞിന്റെ കുടുംബം പാടെ തകര്‍ന്നിരിക്കുകയാണ്. അപകടത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പരിശോധിച്ച് വരികയാണ്', ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ സ്റ്റീവ് മാര്‍ട്ടിന്‍ പറഞ്ഞു. 

സംഭവസമയത്ത് കുടുംബത്തിനും, എമര്‍ജന്‍സി സര്‍വ്വീസുകള്‍ക്കും പിന്തുണ നല്‍കിയ ആളുകള്‍ വിവരം നല്‍കാനായി മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ സമയത്ത് ഇതുവഴി കടന്നുപോയ വാഹനങ്ങളില്‍ ഡാഷ് ക്യാം ഉള്ളവര്‍ക്ക് എന്തെങ്കിലും സുപ്രധാനമായ ദൃശ്യങ്ങള്‍ ലഭിച്ചോയെന്നും പരിശോധിക്കാന്‍ പോലീസ് അഭ്യര്‍ത്ഥിച്ചു. ജനലിലൂടെ കുഞ്ഞ് പുറത്തേക്ക് എങ്ങിനെ വീണെന്ന് വിവരം ലഭിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. 

അശ്രദ്ധമായ ഒരു നിമിഷം കൊണ്ടാകാം അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്. കുഞ്ഞിനെ രക്ഷിക്കാന്‍ കൂടി കഴിയാതെ വന്നതോടെ സഹായിക്കാന്‍ ഓടിയെത്തിയവരും ദുഃഖത്തിലായി. ഒരു വയസ്സുകാരിയുടെ അകാലത്തിലുള്ള വിയോഗം പ്രദേശവാസികളെയും ദുഃഖത്തിലാഴ്ത്തി. 




കൂടുതല്‍വാര്‍ത്തകള്‍.