CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 55 Seconds Ago
Breaking Now

കേരള ധനകാര്യ മന്ത്രി തോമസ് ഐസക്കിന് യു കെ മലയാളി സംഘടനകളുമായി സംവദിക്കുവാന്‍ യുക്മയുടെ നേതൃത്വത്തില്‍ വേദിയൊരുങ്ങുന്നു : ഇത് യുക്മയുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല്

യു കെ സന്ദര്‍ശനത്തിനെത്തുന്ന കേരളാ ധനകാര്യ വകുപ്പ് മന്ത്രി ഡോക്റ്റര്‍ തോമസ് ഐസക്കിനും കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് ഫീലിപ്പോസ് തോമസിനും ബ്രിട്ടണിലെ മലയാളി സംഘടനകളുടെ പ്രതിനിധികളുമായി സംവദിക്കുവാന്‍ യുക്മ വേദിയൊരുക്കുന്നു. യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ (യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയേഷന്‍സ്) ആതിഥേയത്വത്തിന്റെ ഊഷ്മളത വിളിച്ചറിയിക്കുന്നതാവും പ്രസ്തുത പരിപാടി.

 

മനോജ്കുമാര്‍ പിള്ള പ്രസിഡന്റായ യുക്മയുടെ പുതിയ ഭരണസമിതി ചുമതലയേറ്റത്തിനുശേഷം നടക്കുന്ന ആദ്യ ബഹുജനപരിപാടി തന്നെ സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രിയെ പങ്കെടുപ്പിച്ച് നടത്തുവാന്‍ സാധിക്കുന്നത് സംഘടനയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു. കെ എസ് എഫ് ഇ ചെയര്‍മാന്‍ ചടങ്ങില്‍ വിശിഷ്ടാതിത്ഥിയായിരിക്കും.    

 

പ്രളയദുരിതത്തില്‍ അകപ്പെട്ട സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും അതിനായി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ ധനസമാഹരണം നടത്തുകയുമെല്ലാം ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ പ്രവാസി മലയാളികളുടെ പിന്തുണയും ഇതിനായി തേടുന്നുണ്ട്. മുന്‍പ് ഗള്‍ഫ് നാടുകളില്‍ വിജയകരമായി നടപ്പിലാക്കിയ പ്രവാസി ചിട്ടി യൂറോപ്പിലെ മലയാളികള്‍ക്കിടയിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ധനമന്ത്രിയും സംഘവും യു കെ യിലെത്തുന്നത്.

 

കേരളത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട്  ധനകാര്യവകുപ്പ് മന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിനും പ്രവാസി മലയാളികളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രവാസികളെ സംബന്ധിക്കുന്ന വിഷയങ്ങള്‍ ഉന്നയിക്കുന്നതിനും ചടങ്ങില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ക്ക് അവസരമുണ്ടായിരിക്കും. കെ എസ് എഫ് ഇ മാനേജിങ് ഡയറക്റ്റര്‍ എ പുരുഷോത്തമനും ചടങ്ങില്‍ പങ്കെടുക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ചോദ്യങ്ങള്‍ ചോദിക്കുന്നതിന് താത്പര്യപ്പെടുന്നവര്‍ യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസിനെ നേരത്തെ അറിയിക്കേണ്ടതാണ് (Mobile number : 07985641921). 

 

മിഡ്‌ലാന്‍ഡ്‌സിലെ വൂസ്റ്റര്‍ഷെയറില്‍ യുക്മ ദേശീയ ഭരണസമിതിയുടേതായി സംഘടിപ്പിക്കപ്പെടുന്ന ആദ്യപരിപാടിയാണിത്. യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ സെക്രട്ടറി നോബി ജോസിന്റെ പ്രത്യേക അഭ്യര്‍ത്ഥനപ്രകാരമാണ് പുതിയ ദേശീയ കമ്മറ്റിയുടെ ആദ്യ ബഹുജന പരിപാടി വൂസ്റ്ററില്‍വച്ച് തന്നെ നടത്തുവാന്‍ ദേശീയ ഭരണസമിതി തീരുമാനിച്ചത്. മിഡ്‌ലാന്‍ഡ്‌സിലെത്തുന്ന മന്ത്രിയെയും സംഘത്തെയും സ്വീകരിക്കുവാന്‍ റീജണല്‍ പ്രസിഡന്റ് ബെന്നി പോള്‍, നാഷണല്‍ കമ്മറ്റി അംഗം സന്തോഷ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് മികച്ച രീതിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. 

 

മെയ് 17 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2:30 ന് ലണ്ടനിലെ മോണ്ട്കാം ഹോട്ടലില്‍ നടക്കുന്ന കെ എസ് എഫ് ഇ  പ്രവാസി ചിട്ടിയുടെ യൂറോപ്പ് മേഖലാ ഉദ്ഘാടനത്തില്‍ യുക്മ പ്രതിനിധികളും പങ്കെടുക്കും. ദേശീയ ഭാരവാഹികളായ അനീഷ് ജോണ്‍, അഡ്വക്കേറ്റ് എബി സെബാസ്റ്റ്യന്‍, സെലീന സജീവ്, ടിറ്റോ തോമസ് എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളായി യുക്മയെ പ്രതിനിധീകരിക്കുന്നത്. ശനിയാഴ്ച വൂസ്റ്ററില്‍ ധനമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടി നടക്കുന്ന വേദിയുടെ വിലാസം താഴെ കൊടുക്കുന്നു : 

 

Hanley Castle High School, Church End, Hanley Castle, Worcester, United Kingdom  WR8 0BL

 

സജീഷ് ടോം 

(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)




കൂടുതല്‍വാര്‍ത്തകള്‍.