മുഖ്യമന്ത്രിയ്ക്ക് വിദേശത്ത് സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ഒരുക്കിയതിനെ വിമര്‍ശിച്ചും ആക്ഷേപിച്ചും പ്രതിപക്ഷം. മുഖ്യമന്ത്രിയെ മണിയടിക്കാനാണ് ഡിജിപി സ്വകാര്യ സുരക്ഷ ഒരുക്കിയതെന്ന് പ്രതിപക്ഷം കളിയാക്കി. സെഡ് കാറ്റഗറ്റിയ്ക്ക് കീഴിലുള്ള വിവിഐപികള്‍ക്ക് സുരക്ഷ ഒരുക്കുന്നത് സ്വാഭാവികമാണെന്നാണ് ഭരണപക്ഷം മറുപടി നല്‍കിയത്.
മേയ് എട്ടു മുതല്‍ 19 വരെ മുഖ്യമന്ത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിന് പോയപ്പോള്‍ സ്വകാര്യ ഏജന്‍സിയാണ് സുരക്ഷ ഒരുക്കിയത്. ഇതിന് ആവശ്യമായ പണം നല്‍കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി ആഭ്യന്തര വകുപ്പ് ഉത്തരവിടുകയും ചെയ്തു. ഇതാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയെ മണിയടിക്കാനാണ് ഡിജിപി സ്വകാര്യസുരക്ഷ ഒരുക്കിയതെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. ഇഎംഎസ് മുതല്‍ ഉമ്മന്‍ചാണ്ടി വരെ മുഖ്യമന്ത്രിമാര്‍ക്ക് ഇത്തരം സുരക്ഷയൊന്നുമില്ലായിരുന്നെന്ന് പി ടി തോമസ് പറഞ്ഞു. എന്നാല്‍ സുരക്ഷയെ ന്യായീകരിച്ച് ഇ പി ജയരാജനും സുരേഷ്‌കുറുപ്പും രംഗത്തുവന്നു.