Breaking Now

കഴിവുറ്റ ഇന്ത്യന്‍ ജോലിക്കാര്‍ പോക്കറ്റിലാക്കുന്നത് ഒപ്പമുള്ള വെള്ളക്കാരേക്കാള്‍ മികച്ച ശമ്പളം; യുകെയില്‍ മികച്ച വരുമാനം നേടുന്നത് ചൈനക്കാരും, ഇന്ത്യക്കാരുമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍; ഇന്ത്യക്കാര്‍ക്ക് തുണയാകുന്നത് ശക്തമായ പ്രൊഫഷണല്‍, വിദ്യാഭ്യാസ യോഗ്യതകള്‍

2018-ല്‍ ചൈനീസ് ജോലിക്കാര്‍ ഒരു മണിക്കൂറില്‍ ശരാശരി 15.75 പൗണ്ട് നേടുമ്പോള്‍ ഇന്ത്യക്കാരുടേത് 13.47 പൗണ്ടാണ്

ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും ഒരു ഇന്ത്യക്കാരനെ കാണാന്‍ സാധിക്കും. കാരണം അവന്‍ അഭയാര്‍ത്ഥിയാകാന്‍ മടിക്കാത്തവനാണ്, ഒപ്പം ലോകത്തിന്റെ ഏത് അവസ്ഥയില്‍ ചെന്നുപെട്ടാലും പോരാടി മുന്നേറി ജീവിതം വെട്ടിപ്പിടിക്കാന്‍ ഇന്ത്യക്കാരന് കെല്‍പ്പുണ്ട്. ഒരു കാലത്ത് ഇന്ത്യയെ കാല്‍ച്ചുവട്ടിലിട്ട് ഭരിച്ച് മുടിച്ച ഇംഗ്ലീഷുകാരന്റെ മണ്ണില്‍ അവനേക്കാള്‍ ശമ്പളം നേടാന്‍ ഇന്ത്യക്കാര്‍ക്ക് സാധിക്കുന്നുവെങ്കില്‍ അതിനെ മധുര പ്രതികാരം എന്ന് വിളിച്ചേ മതിയാകൂ. 

ഇന്ത്യന്‍ കുടുംബ പാരമ്പര്യമുള്ളവര്‍ക്ക് പുറമെ ചൈനീസ് ജീവനക്കാരുമാണ് വെള്ളക്കാരായ സഹജീവനക്കാരേക്കാള്‍ ശമ്പളം പോക്കറ്റിലാക്കുന്നതെന്നാണ് ഔദ്യോഗിക സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്. വംശീയ ന്യൂനപക്ഷ വിഭാഗങ്ങളുടെ വരുമാനത്തെക്കുറിച്ച് ആദ്യമായി നടത്തിയ ദേശീയ സര്‍വ്വെയാണ് ഈ വിവരം പുറത്തുവരുന്നത്. സ്വയംപ്രഖ്യാപിത വംശീയ വിഭാഗമായ ചൈനക്കാര്‍ക്കുള്ള ശമ്പളം വെള്ളക്കാരായ ബ്രിട്ടീഷുകാരുടെ മൂന്നിരട്ടി ഉയരത്തിലാണ്. 

ഇന്ത്യന്‍ ജോലിക്കാര്‍ വെള്ളക്കാരേക്കാള്‍ 12 ശതമാനം അധികം ശമ്പളം നേടുന്നുണ്ട്. ബ്രിട്ടനില്‍ പിറന്നവരെ പിന്തള്ളാന്‍ ഇന്ത്യക്കാര്‍ക്ക് ശക്തിപകരുന്നത് രണ്ട് കാര്യങ്ങളാണ്, അതിശക്തമായ പ്രൊഫഷണല്‍ യോഗ്യതകളും, വിദ്യാഭ്യാസ യോഗ്യതയും! വംശീയ വിഭാഗങ്ങളെക്കുറിച്ച് നടത്തിയ പഠനത്തില്‍ ബംഗ്ലാദേശി ജീവനക്കാര്‍ വെള്ളക്കാരായ ബ്രിട്ടീഷ് ജോലിക്കാരേക്കാള്‍ അഞ്ച് ശതമാനം കുറവ് ശമ്പളം നേടുന്നു. വെള്ളക്കാരും, വംശീയ ന്യൂനപക്ഷങ്ങളും തമ്മിലുള്ള വേതനത്തിലെ വിടവ് യുവാക്കളുടെ കടന്നുവരവോടെ ഇല്ലാതാകുന്നുവെന്നാണ് ഒഎന്‍എസ് കൂട്ടിച്ചേര്‍ക്കുന്നത്. 

2018-ല്‍ ചൈനീസ് ജോലിക്കാര്‍ ഒരു മണിക്കൂറില്‍ ശരാശരി 15.75 പൗണ്ട് നേടുമ്പോള്‍ ഇന്ത്യക്കാരുടേത് 13.47 പൗണ്ടാണ്. വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ക്ക് 12.03 പൗണ്ട് വരുമാനം കിട്ടിയപ്പോള്‍ ബംഗ്ലാദേശിക്ക് 9.60 പൗണ്ടാണ് നേടാന്‍ കഴിഞ്ഞത്. ഇന്ത്യന്‍ പുരുഷന്‍മാര്‍ മണിക്കൂറിന് നേടിയ ശമ്പളം ഇന്ത്യന്‍ സ്ത്രീകളേക്കാള്‍ 23.3 ശതമാനം അധികമായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.