മകളേയും തന്നേയും പാമ്പുകടിച്ചെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയ യുവതിയെക്കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി. കയ്യില്‍ പിടയുന്ന അണലിപ്പാമ്പുമായാണ് യുവതിയെത്തിയത്. ഡോക്ടര്‍ ഉടന്‍ തന്നെ വിദഗ്ധരെ വരുത്തി. വിഷമുള്ള അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പാണെന്ന് വിദഗ്ധര്‍ വെളിപ്പെടുത്തി. ചേരി പ്രദേശമായ ധാരാവിയിലെ രാജീവ് ഗാന്ധിനഗര്‍ സോനാരി ചാളിലെ താമസക്കാരി സുല്‍ത്താനാ ഖാന്‍ (34) ആണ് പാമ്പുമായി ആശുപത്രിയിലെത്തിയത്.
മഴയ്ക്കിടെ കാട്ടില്‍ നിന്നാണ് സുല്‍ത്താനയുടെ കുടിലിലേക്ക് അണലി കടന്നത്. ഞായറാഴ്ച രാവിലെ 11 ന് ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ നകള്‍ സഹ്‌സീനെ (17)യാണ് ആദ്യം പാമ്പു കടിച്ചത്. കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞാല്‍ ചികിത്സ എളുപ്പമാകുമെന്ന് കേട്ടിട്ടുള്ളതുകൊണ്ടാണ് സുല്‍ത്താന പാമ്പിനെ പിടിച്ചു അതുമായി സയണ്‍ ആശുപത്രിയിലെത്തിയത്. പാമ്പ് കയ്യില്‍ കടിച്ചിട്ടും വിടാതെയായിരുന്നു സുല്‍ത്താന ഇതു ചെയ്തത്.