CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 58 Seconds Ago
Breaking Now

മുന്‍ ധനമന്ത്രിയും, ബിജെപിയുടെ കരുത്തുറ്റ നേതാവുമായ അരുണ്‍ ജെറ്റ്‌ലി വിടവാങ്ങി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലംകൈ നഷ്ടമായത് 66-ാം വയസ്സില്‍

മോദി ഒന്നാം സര്‍ക്കാരിന്റെ കാലത്ത് എല്ലാ ബജറ്റുകളും അവതരിപ്പിച്ച ജെറ്റ്‌ലിക്ക് 2019-ലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല

മുന്‍ ധനകാര്യ മന്ത്രിയും, ബിജെപിയുടെ തലമുതിര്‍ന്ന നേതാവുമായ അരുണ്‍ ജെറ്റ്‌ലി അന്തരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ടിയ ശേഷം 66-ാം വയസ്സിലാണ് മികച്ച അഭിഭാഷകന്‍ കൂടിയായ ജെറ്റ്‌ലിയുടെ വിടവാങ്ങല്‍. 

ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ദില്ലി എയിംസിലെത്തിച്ച അദ്ദേഹം കാര്‍ഡിയോ ന്യൂറോ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ സ്ഥിതി മോശമായി. മോദി സര്‍ക്കാരിന്റെ നട്ടെല്ലായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ജെറ്റ്‌ലി. രാഷ്ട്രീയ, നിയമ, സാമൂഹ്യ മേഖലയില്‍ വിപുലമായ ബന്ധങ്ങളുണ്ടായിരുന്ന അദ്ദേഹത്തിന്റെ ബലത്തിലാണ് എന്‍ഡിഎ സര്‍ക്കാര്‍ രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കിയിരുന്നത്. 

2018-ല്‍ അരുണ്‍ ജെറ്റ്‌ലി കിഡ്‌നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പ്രമേഹം മൂലം ഭാരം വര്‍ദ്ധിച്ചതിനാല്‍ 2014-ല്‍ ബാരിയാട്രിക് സര്‍ജറിയും നടത്തിയിരുന്നു. 

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ടേമില്‍ അരുണ്‍ ജെറ്റ്‌ലിയായിരുന്നു പ്രധാനമന്ത്രിയുടെ വലംകൈ. ധനകാര്യ മന്ത്രാലയത്തിന് പുറമെ മറ്റ് മന്ത്രാലയങ്ങളുടെ താല്‍ക്കാലിക ചുമതലയും ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. 

മോദി ഒന്നാം സര്‍ക്കാരിന്റെ കാലത്ത് എല്ലാ ബജറ്റുകളും അവതരിപ്പിച്ച ജെറ്റ്‌ലിക്ക് 2019-ലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. പീയുഷ് ഗോയലാണ് പകരക്കാരനായി ബജറ്റ് അവതരണം നടത്തിയത്. ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ അടയ്ക്കപ്പെട്ട നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. 

ജയിലില്‍ നിന്നിറങ്ങിയ അരുണ്‍ ജെറ്റ്‌ലി ജനസംഘത്തില്‍ ചേര്‍ന്ന് രാഷ്ട്രീയത്തില്‍ സജീവമായി. ഇതിന് ശേഷമാണ് ബിജെപി നേതൃനിരയിലേക്ക് ഉയര്‍ന്നത്. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിന്റെ ക്യാബിനറ്റിലും അദ്ദേഹം അംഗമായിരുന്നു. 

മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മരണത്തിന് പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ച് അരുണ്‍ ജെറ്റ്‌ലിയുടെ മരണവാര്‍ത്ത എത്തുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.