'നിങ്ങള്‍ ആരുടെ അജണ്ടയിലാണ് പ്രവര്‍ത്തിക്കുന്നത്'?, പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് തിരിച്ച് ചോദിച്ച ചോദ്യമാണിത്. കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷനില്‍ പാക് നിലപാടിനെ പിന്തുണ 58 രാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രശംസ അറിയിച്ചിരുന്നു. ഈ 58 രാജ്യങ്ങളുടെ പേര് പറയാന്‍ ആവശ്യപ്പെട്ടതാണ് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുറേഷിയെ ചൊടിപ്പിച്ചത്.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ യുഎന്‍എച്ച്ആര്‍സിയില്‍ 50ലേറെ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചെന്ന് മന്ത്രിയും ട്വീറ്റ് ചെയ്തിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ജാവേദ് ചൗധരി ചോദ്യം ഉന്നയിച്ചതോടെ ഖുറേഷി രോഷാകുലനായി.
'നിങ്ങള്‍ ആരുടെ അജണ്ടയിലാണ് പ്രവര്‍ത്തിക്കുന്നത്? യുഎന്നില്‍ പാകിസ്ഥാനെ ആരൊക്കെ പിന്തുണച്ചെന്നും, ഇല്ലെന്നും നിങ്ങള്‍ തീരുമാനിക്കുകയാണോ? നിങ്ങള്‍ ആവശ്യമുള്ളതെല്ലാം എഴുതിക്കൊള്ളൂ', ഖുറേഷി പ്രതികരിച്ചു. ഇമ്രാന്‍ ഖാന്‍ പറഞ്ഞ 58 രാജ്യങ്ങളുടെ പിന്തുണ സംബന്ധിച്ച് താന്‍ ട്വീറ്റ് ചെയ്തിട്ടില്ലെന്നാണ് ഇതേക്കുറിച്ച് തുടര്‍ന്നും ചോദിച്ചപ്പോള്‍ മന്ത്രി അവകാശപ്പെട്ടത്.
ഒടുവില്‍ ഈ പോസ്റ്റ് തന്നെ നേരില്‍ കാണിച്ച് കൊടുത്തപ്പോള്‍ ഖുറേഷി വീണ്ടും നിലപാട് മാറ്റി. 'ഞാന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. ഇതില്‍ അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നു', മന്ത്രി സ്വരം മാറ്റി പറഞ്ഞു. എന്നാല്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കേവലം 47 അംഗങ്ങള്‍ മാത്രമാണുള്ളത്. ഇതോടെയാണ് ഇമ്രാന്‍ ഖാന്റെ ട്വീറ്റ് തമാശയായി മാറിയിരുന്നു.