കെറ്ററിംഗിലെ മലയാളി വൈദീകന്‍ ഫാ വില്‍സണ്‍ കൊറ്റത്തില്‍ വിടവാങ്ങി. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. 51 വയസായിരുന്നു.കെറ്ററിംഗിലെ സെന്റ് ഫൗസ്റ്റീന സീറോ മലബാര്‍ മിഷന്‍ ഡയറക്ടറായും നോര്‍ത്താംപ്ടണ്‍ രൂപതയിലെ കെറ്ററിംഗ് സെന്റ് എഡ്വേര്‍ഡ്‌സ് പള്ളി വികാരിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. എംഎസ്എഫ്എസ് സഭാംഗമായ ഫാ വില്‍സണ്‍ കോട്ടയം അയര്‍ക്കുന്നം, ആറുമാനൂര്‍ സ്വദേശിയാണ്. ചങ്ങനാശേരി രൂപതയിലെ ആറുമാനൂര്‍ മംഗളവാര്‍ത്ത പള്ളി ഇടവകാംഗമാണ്.
രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കായി പള്ളിയില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് പള്ളിയിലെ കപ്യാര്‍ അന്വേഷിച്ച് എത്തിയപ്പോള്‍ മുറിയില്‍ നിശ്ചലനായി കിടക്കുന്ന നിലയില്‍ അച്ചനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അടിയന്തിര മെഡിക്കല്‍ സംവിധാനങ്ങള്‍ എത്തിയെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നു.
കുറച്ചുകാലമായി അച്ചന്‍ ചികിത്സയിലായിരുന്നു. 2018ല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ജീവിതം തിരിച്ചുപിടിച്ചതായിരുന്നു.
മരണവിവരം അറിഞ്ഞ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കെറ്ററിംഗിലേക്ക് തിരിച്ചിട്ടുണ്ട്. വിയോഗത്തിന്റെ വേദനയില്‍ യൂറോപ് മലയാളിയും പങ്കുചേരുന്നു.