കെറ്ററിംഗ്: അപ്രതീക്ഷിത വിയോഗത്തിലൂടെ യൂകെയിലെ മലയാളിസമൂഹത്തിന് വേദനയും നടുക്കവും നല്‍കി കെറ്ററിംഗില്‍ മലയാളി വൈദികന്‍ റെവ. ഫാ. വില്‍സണ്‍ കൊറ്റത്തില്‍ MSFS അന്തരിച്ചു. അമ്പത്തൊന്നു വയസ്സായിരുന്ന അദ്ദേഹം നോര്‍ത്താംപ്ടണ്‍ രൂപതയിലെ, കെറ്ററിംഗ് സെന്റ് എഡ്വേര്‍ഡ് പള്ളിയില്‍ സഹവികാരിയായും സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ സെന്റ് ഫൗസ്റ്റീന മിഷന്‍ ഡയറക്ടര്‍ ആയും സേവനം ചെയ്തുവരികയായിരുന്നു. ചങ്ങനാശ്ശേരി അതിരൂപതയിലെ അയര്‍ക്കുന്നം സ്വദേശിയായ അദ്ദേഹം ആറുമാനൂര്‍ ഇടവകഅംഗവും MSFS സന്യാസസഭാഅംഗമാണ്.
ആകസ്മികമായി തങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞ പ്രിയ ഇടയനെ പ്രാര്‍ത്ഥനാപൂര്‍വ്വം ഓര്‍മ്മിക്കാന്‍ ഇന്നലെ വൈകിട്ട് നാല് മുപ്പതിന് നോര്‍ത്താംപ്ടണ്‍, കേറ്ററിംഗ്, കോര്‍ബി, മറ്റു സമീപപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി നിരവധിപേര്‍ അദ്ദേഹം സേവനം ചെയ്യുകയായിരുന്ന സെന്റ് എഡ്വേര്‍ഡ് ദൈവാലയത്തില്‍ ഒത്തുചേര്‍ന്നു. 4: 30 നു നടന്ന വി. കുര്‍ബാനയ്ക്കും ഒപ്പീസുപ്രാര്‍ത്ഥനയ്ക്കും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി. വികാരി ജനറാള്‍മാരായ റെവ. ഫാ. ജോര്‍ജ്ജ് ചേലക്കലും റെവ. ഫാ. ജിനോ അരീക്കാട്ടും ചാന്‍സിലര്‍ റെവ. ഫാ. മാത്യു പിണക്കാട്ടും സെക്രട്ടറി റെവ. ഫാ. ഫാന്‌സുവ പത്തിലും MSFS സഭാഅംഗങ്ങളായ വൈദികരും സമീപ പ്രദേശങ്ങളില്‍ നിന്നുള്ള മറ്റു നിരവധി വൈദികരും വിശ്വാസസമൂഹവും പ്രാര്‍ത്ഥനാശുശ്രുഷകളില്‍ പങ്കുചേര്‍ന്നു. നേരത്തെ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഫാ. വിത്സന്റെ ഭൗതികശരീരം സൂക്ഷിച്ചിരുന്ന കെറ്ററിംഗ് ജെനെറല്‍ ആശുപത്രിയിലെത്തി ഒപ്പീസുപ്രാര്‍ത്ഥന നടത്തി. ഇന്നലെ മൂന്നു മണി മുതല്‍ നാല് മണി വരെ പൊതുദര്‍ശനത്തിന് ഹോസ്പിറ്റലില്‍ സൗകര്യമൊരുക്കിയിരുന്നു.
ഈശോയ്ക്കുവേണ്ടി വഴിയൊരുക്കാന്‍ വന്ന സ്‌നാപകയോഹന്നാനെപ്പോലെ, തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ബഹു. വിത്സനച്ചന്‍ പിന്‍വാങ്ങിയെന്ന് ദിവ്യബലിമധ്യേയുള്ള അനുശോചനസന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ അനുസ്മരിച്ചു. തന്നെ ദൈവം വിളിക്കുന്നുവെന്ന തോന്നലില്‍, ഇടവക വൈദികരുടെ മധ്യസ്ഥനായ വി. ജോണ്‍ മരിയ വിയാനിയുടെ സ്ഥലമായ ഫ്രാന്‍സിലെ ആര്‍സില്‍ പോയി ധ്യാനിച്ചൊരുങ്ങിയും വി. കുമ്പസാരം സ്വീകരിച്ചും അദ്ദേഹം ആത്മീയമായി നന്നായി ഒരുങ്ങിയിരുന്നെന്നും മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. യുകെയില്‍ വച്ചുനടന്ന വൈദികരുടെ ധ്യാനത്തിലും വിത്സണ്‍ അച്ചന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
ഏറ്റുമാനൂരടുത്തുള്ള ആറുമാനൂര്‍ ഇടവകയില്‍ കൊറ്റത്തില്‍ കുടുംബത്തില്‍ പതിനാറുമക്കളില്‍ പതിമൂന്നാമനായാണ് 1968 ല്‍ വില്‍സണ്‍ അച്ചന്റെ ജനനം. 1985 ല്‍ ഏറ്റുമാനൂര്‍ MSFS സെമിനാരിയില്‍ വൈദികപഠനത്തിനു ചേര്‍ന്നു. 1997 ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പിന്നീട് കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്മ്യൂണിക്കേഷനില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. പൗരോഹിത്യ സ്വീകരണത്തിനുശേഷം വൈവിധ്യമാര്‍ന്ന വൈദികശുശ്രുഷകളിലൂടെ അദ്ദേഹം വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തു. ചങ്ങനാശ്ശേരി സെന്റ് ജോസഫ്‌സ് മീഡിയ വില്ലേജില്‍ കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് തലവന്‍, ആലുവായിലുള്ള MSFS സെമിനാരി റെക്ടര്‍, ബാംഗ്ലൂര്‍ MSFS കോളേജ് പ്രിന്‍സിപ്പാള്‍ തുടങ്ങിയവയായിരിന്നു പ്രധാന ശുശ്രുഷാരംഗങ്ങള്‍. ബാംഗ്ലൂര്‍ MSFS കോളേജ് പ്രിന്‍സിപ്പാളായി സേവനം ചെയ്തുവരവെയാണ് യുകെയില്‍ നോര്‍ത്താംപ്ടണ്‍ രൂപതയില്‍ ലത്തീന്‍, സീറോ മലബാര്‍ രൂപതകളില്‍ അജപാലന ശുശ്രുഷയ്ക്കായി അദ്ദേഹം നിയമിതനായത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിലധികമായി കേറ്ററിങിലുള്ള സെന്റ് എഡ്വേര്‍ഡ് ദേവാലയത്തിലും സെന്റ് ഫൗസ്റ്റീന സീറോ മലബാര്‍ മിഷനിലും അദ്ദേഹം സേവനം ചെയ്തുവരികയായിരുന്നു.
തുടര്‍നടപടികള്‍ക്കായി കെറ്ററിംഗ് ജനറല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം, നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോയി സംസ്‌കരിക്കുമെന്ന്, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കാനായി MSFS സന്യാസസഭ നിയമിച്ചിരിക്കുന്ന റെവ. ഫാ. ബെന്നി വലിയവീട്ടില്‍ MSFS അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാകാന്‍ രണ്ടാഴ്ചയെങ്കിലും കാലതാമസം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഹൃദ്യമായ പെരുമാറ്റം കൊണ്ടും ആഴമേറിയ പാണ്ഡിത്യവും ജീവിതവിശുദ്ധിയും കൊണ്ടും ഇടവക ജനങ്ങള്‍ക്കെല്ലാം അദ്ദേഹം പ്രിയങ്കരനായിരുന്നെന്ന് വിശ്വാസികള്‍ അനുസ്മരിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളിലും ബഹു. വില്‍സണ്‍ അച്ചനുവേണ്ടി അനുസ്മരണപ്രാര്‍ത്ഥന നടത്തണമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് അഭ്യര്‍ത്ഥിച്ചു. ബഹു. വില്‍സണ്‍ കൊറ്റത്തിലച്ചന്റെ ആകസ്മിക വേര്‍പാടില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്കുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ദുഖാര്‍ത്ഥരായ കുടുംബാങ്ങങ്ങളെയും വിശ്വാസി സമൂഹത്തെയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
ഫാ. ബിജു കുന്നയ്ക്കാട്ട് PRO