ഒന്നാം മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷികമാണ് ഇന്ന്. 2016 നവംബര്‍ എട്ടിന് രാത്രിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ നിരോധിച്ച് ഉത്തരവിറക്കിയത്. ഭീകരാവദ പ്രവര്‍ത്തനങ്ങളും കള്ളപ്പണവും തടയുക എന്ന ലക്ഷ്യവുമായായിരുന്നു പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം രാജ്യത്തിന് ഒരു ഗുണവും നല്‍കിയില്ലെന്ന് വിശ്വസിക്കുന്നവരാണ് കൂടുതലും. ഒരു ഓണ്‍ലൈന്‍ സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം പേരും നോട്ടുനിരോധനം രാജ്യത്തിന് നഷ്ടം മാത്രമാണ് ഉണ്ടാക്കിയതെന്നാണ് അഭിപ്രായപ്പെട്ടത്. തൊഴിലിനെയും സാമ്പത്തികാവസ്ഥയെയും നോട്ട് നിരോധനം മോശമായി ബാധിച്ചെന്നും സാധാരണക്കാരയ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേ പറയുന്നു. എന്നാല്‍ സര്‍വേയില്‍ പങ്കെടുത്ത 28 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടത് നോട്ടു നിരോധനം രാജ്യത്തിന് മോശമായ ഒരു സ്വാധീനവും ഉണ്ടാക്കിയിട്ടില്ലെന്നാണ്. രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചത് നോട്ടുനിരോധനമാണെന്ന് അഭിപ്രായപ്പെട്ടവരും ചെറുതല്ല.
കള്ളപ്പണം തടയാനാകുമെന്ന് കരുതി സര്‍ക്കാര്‍ നിരോധിച്ച നോട്ടുകളില്‍ 99 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന വാര്‍ത്തകളും നേരത്തെ പുറത്തുവന്നിരുന്നു. 3 ലക്ഷത്തിലേറെ കോടികളുടെ കള്ളപ്പണം പിടിച്ചെടുക്കാമെന്നായിരുന്നു സര്‍ക്കാര്‍ വാദമെങ്കില്‍ അത് നടന്നില്ലെന്ന് മാത്രമല്ല നിരവധി ജീവനുകളും നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്ത് നഷ്ടപ്പെടുകയുണ്ടായി.
2016 നവംബര്‍ എട്ടിന് നോട്ട് നിരോധനം നടപ്പിലാക്കി 2017 നവംബര്‍ എട്ടുവരെയുള്ള ഒരു വര്‍ഷ കാലയളവിനുള്ളില്‍ ഈ നയത്തിന്റെ ഭാഗമായി 150 തിലേറെപ്പേരുടെ ജീവനാണ് നഷ്ടപ്പെട്ടതെന്ന കണക്കുകളും നേരത്തെ പുറത്തുവന്നിരുന്നു. പ്രഖ്യാപനം വന്ന് ഒരാഴ്ചക്കുള്ളില്‍ത്തന്നെ 33 പേര്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ മരണപ്പെട്ടിരുന്നു. പണം മാറ്റി വാങ്ങുന്നതിനും പിന്‍വലിക്കാനുമായി ദീര്‍ഘനേരം ക്യൂവില്‍ നില്‍ക്കേണ്ടി വന്നതിനെത്തുടര്‍ന്നായിരുന്നു കൂടുതല്‍ മരണവും.