CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 9 Seconds Ago
Breaking Now

ലണ്ടന്‍ ബ്രിഡ്ജ് ഭീകരന്‍ 'ഓട്ടോമാറ്റിക്കായി' പുറത്തിറങ്ങിയതില്‍ രോഷപ്രകടനവുമായി ബോറിസ് ജോണ്‍സണ്‍; രണ്ട് നിരപരാധികളെ കൊന്നുവീഴ്ത്താന്‍ അവസരം നല്‍കിയ മനുഷ്യാവകാശ നിയമങ്ങള്‍ കീറിയെറിയും; ലേബറിനെ സൂക്ഷിക്കാന്‍ മുന്നറിയിപ്പും

2017-ല്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇടെയാണ് ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണം നടക്കുന്നതും തെരേസ മേയുടെ ഭൂരിപക്ഷം നഷ്ടമായതും

ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയാല്‍ ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണങ്ങള്‍ പോലുള്ള അതിക്രമങ്ങള്‍ ഒഴിവാക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് ബോറിസ് ജോണ്‍സന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച നിരപരാധികള്‍ക്ക് നേരെ കത്തിവീശി രണ്ട് വിലപ്പെട്ട ജീവനുകള്‍ കവര്‍ന്ന കുറ്റവാളി ഉസ്മാന്‍ ഖാന്‍ ഭീകരപ്രവര്‍ത്തനത്തിന് പിടിക്കപ്പെട്ടിട്ടും പകുതി ശിക്ഷ മാത്രം അനുഭവിച്ച് പുറത്തിറങ്ങിയെന്ന് വ്യക്തമായതോടെയാണ് പ്രധാനമന്ത്രി ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നത്. ഹോം സെക്രട്ടറി പ്രീതി പട്ടേലിന് ഒപ്പമാണ് ബോറിസ് സംഭവസ്ഥലം സന്ദര്‍ശിച്ചത്. 

ഈ വരുന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നല്‍കി തന്നെ തിരിച്ചെത്തിച്ചാല്‍ യുകെയുടെ ബ്രക്‌സിറ്റിന് ശേഷമുള്ള നിമയമാറ്റങ്ങളുടെ ഭാഗമായി മനുഷ്യാവകാശ നിയമങ്ങളും പരിഷ്‌കരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഇതിനിടെ 'ഓട്ടോമാറ്റിക്' രീതിയില്‍ ജയിലറകളില്‍ നിന്നും പുറത്തിറങ്ങിയ 70 തീവ്ര ഭീകരരുടെ ലൈസന്‍സ് നിബന്ധനകള്‍ സംബന്ധിച്ച് ജസ്റ്റിസ് മന്ത്രാലയം അടിയന്തര അന്വേഷണം ആരംഭിച്ചു. ഈ നിയമങ്ങള്‍ മൂലം പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാ സര്‍വ്വീസുകള്‍ ഏറെ ബുദ്ധിമുട്ടുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. 

2008-ല്‍ ലേബര്‍ സര്‍ക്കാരാണ് കുറ്റവാളികളെ ഓട്ടോമാറ്റിക്കായി മുന്‍കൂര്‍ പുറത്തുവിടാനുള്ള നിയമം ആവിഷ്‌കരിച്ചത്. അപകടകാരികളായ കുറ്റവാളികളെയും, ഭീകരരെയും കൂടുതല്‍ കാലം ജയിലില്‍ കിടത്താനും, ഓട്ടോമാറ്റിക്കായി നേരത്തെ പുറത്തുവിടുന്ന രീതിയും നിര്‍ത്തലാക്കാനുള്ള തന്റെ ശ്രമങ്ങള്‍ തൂക്കുപാര്‍ലമെന്റില്‍ തള്ളപ്പെടുകയാണെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ബ്രക്‌സിറ്റിനെ തടയാന്‍ ഒരുങ്ങി ഇരിക്കുന്ന സഭയ്ക്ക് ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

'വെള്ളിയാഴ്ചത്തെ സംഭവം രോഷം ജനിപ്പിക്കുന്നതാണ്. പഴയ കാലത്തെ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. മനുഷ്യാവകാശ നിയമങ്ങള്‍ പരിഷ്‌കരിച്ച് സുരക്ഷാ, ഇന്റലിജന്‍സ് സര്‍വ്വീസുകള്‍ക്ക് അധികാരം അവകാശങ്ങള്‍ നല്‍കണം. സ്വകാര്യ ജീവിതത്തിനുള്ള അവകാശവും, കോടതികളും ഭീകരരെ നിരീക്ഷിക്കുന്നതില്‍ ഇന്റലിജന്‍സ് സര്‍വ്വീസുകള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ്, ബോറിസ് വ്യക്തമാക്കി. 2017-ല്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇടെയാണ് ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണം നടക്കുന്നതും തെരേസ മേയുടെ ഭൂരിപക്ഷം നഷ്ടമായതും. ഇക്കുറി ജെറമി കോര്‍ബിനെ ലക്ഷ്യമിട്ട് ഈ പ്രശ്‌നം ഒഴിവാക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. പാക് തീവ്രവാദികളെ കയറൂരിവിട്ട് ഇന്ത്യാവിരുദ്ധത പടര്‍ത്താന്‍ ലേബര്‍ പാര്‍ട്ടി ശ്രമിക്കുന്നതും ഈ ഘട്ടത്തില്‍ ശ്രദ്ധനേടുന്ന വിഷയമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.