CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 41 Minutes 1 Seconds Ago
Breaking Now

ഇന്ത്യ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല; സന്ദര്‍ശനം സൂക്ഷിച്ച് മതിയെന്ന് ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം; പീഡനത്തിന് ഇരകളായാല്‍ എന്ത് ചെയ്യണമെന്ന വിശദമായ റിപ്പോര്‍ട്ടുമായി ബ്രിട്ടീഷ് സര്‍ക്കാര്‍; ഇനിയെങ്കിലും നന്നാകുമോ നമ്മുടെ നാട്?

തങ്ങളുടെ പൗരന്‍മാര്‍ ഇന്ത്യയില്‍ ഇത്തരം അതിക്രമങ്ങള്‍ നേരിട്ടാല്‍ പോലീസ് റിപ്പോര്‍ട്ട് തേടണമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് ആവശ്യപ്പെടുന്നു

ഇന്ത്യ സ്ത്രീകള്‍ക്ക് എത്രത്തോളം സുരക്ഷിതമാണ്? ഈ ചോദ്യം ഉന്നയിച്ചാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുറത്തുവരുന്ന വാര്‍ത്തകള്‍ കൂടി ചേര്‍ത്തുവെച്ചാല്‍ ഉത്തരം പറയാന്‍ നമ്മളും ഒന്ന് സംശയിക്കും. ആ ചീത്തപ്പേരിന്റെ ആക്കം കൂട്ടി ഇന്ത്യ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് ഗവണ്‍മെന്റ് മുന്നറിയിപ്പ്. ലൈംഗിക പീഡനത്തെയും, ലൈംഗിക അതിക്രമങ്ങളെയും അതിജീവിച്ചവരും എന്തെല്ലാം ചെയ്യണമെന്ന വിശദമായ റിപ്പോര്‍ട്ട് പുറത്തിറക്കിയാണ് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന തങ്ങളുടെ പൗരന്‍മാര്‍ക്ക് ബ്രിട്ടന്‍ ഓര്‍മ്മപ്പെടുത്തല്‍ നല്‍കുന്നത്. 

നവംബര്‍ 26നാണ് ബ്രിട്ടന്റെ ഈ വിശദമായ റിപ്പോര്‍ട്ട് പുറത്തുവന്നത്. 2019 മാര്‍ച്ചില്‍ അമേരിക്കയും സമാനമായ ഉപദേശം പൗരന്‍മാര്‍ക്ക് നല്‍കിയിരുന്നു. സ്ത്രീ സുരക്ഷയില്‍ ലെവല്‍ 2-വിലാണ് ഇന്ത്യക്ക് സ്ഥാനം. അതായത് യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് തന്നെ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ ഒന്നാണെന്ന് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും, മറ്റിടങ്ങളിലും ക്രൂരമായ പീഡനങ്ങള്‍ ഉള്‍പ്പെടെ അരങ്ങേറുന്നു, മുന്നറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു. 

ഹൈദരാബാദില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വെറ്റിനറി ഡോക്ടറുടെ പേര് സഹിതമാണ് ബ്രിട്ടീഷ് അഡൈ്വസറി പുറത്തുവന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്ത്രീകളോട് അടിയന്തര ഘട്ടത്തില്‍ 100-ല്‍ വിളിച്ച് സഹായം തേടാനും, വനിതാ ഓഫീസര്‍മാരോട് സംസാരിക്കാനുമാണ് ആവശ്യപ്പെടുന്നത്. 2017-ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്ക് പ്രകാരം 32,559 ലൈംഗിക പീഡന കേസുകളാണ് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ 3.6 ലക്ഷം കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്ക് എതിരായി അരങ്ങേറിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

തങ്ങളുടെ പൗരന്‍മാര്‍ ഇന്ത്യയില്‍ ഇത്തരം അതിക്രമങ്ങള്‍ നേരിട്ടാല്‍ പോലീസ് റിപ്പോര്‍ട്ട് തേടണമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് ആവശ്യപ്പെടുന്നു. ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി നല്‍കാന്‍ ഇടയില്ലെങ്കില്‍ ഇത് വായിച്ച് കേള്‍പ്പിക്കാന്‍ ആവശ്യപ്പെടാം. എന്താണ് പോലീസ് എഴുതിവെച്ചതെന്ന് മനസ്സിലാക്കിയ ശേഷം മാത്രം ഒപ്പിടാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വനിതാ പോലീസ് ഓഫീസറുടെ സേവനം ലഭിക്കാന്‍ അവകാശമുണ്ടെന്ന് പൗരന്‍മാരെ അറിയിക്കാന്‍ അഡൈ്വസറി പ്രത്യേകം ശ്രദ്ധിക്കുന്നു. കൂടാതെ അക്രമം നേരിടുന്നവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നതിനാല്‍ മാറാനുള്ള വസ്ത്രവും കൈയില്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെടുന്നു. ഡോക്ടര്‍മാരോടും എന്താണ് സംഭവിച്ചതെന്ന് വിശദമാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉപദേശിക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.