CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 13 Seconds Ago
Breaking Now

ഇന്ത്യക്കാര്‍ ഇതെല്ലാം കാണുന്നുണ്ട്! ലേബര്‍ പാര്‍ട്ടിക്ക് തുറന്ന പിന്തുണയുമായി തീവ്രവാദ സംഘടനയായ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്; ആശങ്കയും മുന്നറിയിപ്പുമായി ഇന്ത്യന്‍ വംശജനായ മുന്‍ ലേബര്‍ മേയര്‍; ഇന്ത്യക്കാര്‍ മറക്കുമോ രവീന്ദ്രയുടെ ക്രൂരമായ കൊല?

ലൂട്ടണ്‍ ലേബര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ച കത്ത് വോട്ട് ലഭിക്കാനായി പ്രചരിപ്പിക്കുകയും ചെയ്യുന്നു

തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) ലേബര്‍ പാര്‍ട്ടിക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ച് കത്തയച്ചത് സ്വീകരിച്ച പാര്‍ട്ടി നിലപാടിനെതിരെ ലണ്ടന്‍ ലാംബെത്ത് ബറോ മുന്‍ മേയര്‍ ഡോ. നീരജ് പാട്ടീല്‍. തീവ്രവാദ സംഘം പിന്തുണ അറിയിച്ചപ്പോള്‍ സ്വീകരിക്കാതെ തള്ളാന്‍ പോലും ലേബര്‍ പാര്‍ട്ടി തയ്യാറാകാത്തത് ആശങ്കാജനകമാണെന്ന് ഇന്ത്യന്‍ വംശജനായ ഡോ. നീരജ് വ്യക്തമാക്കി. ജെകെഎല്‍എഫുമായുള്ള എല്ലാവിധ ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് പാര്‍ട്ടി മേധാവി ജെറമി കോര്‍ബിനും, ലേബര്‍ ജനറല്‍ സെക്രട്ടറിക്കും ഇദ്ദേഹം കത്തയച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. 

ഇന്ത്യയും, പാകിസ്ഥാനും സമാധാനപൂര്‍ണ്ണമായി ഇരിക്കണമെന്ന വിഷയത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്ന് ഡോ. നീരജ് വ്യക്തമാക്കി. 'ഞങ്ങളുടെ പാര്‍ട്ടി അന്താരാഷ്ട്ര സമാധാനത്തിനും നീതിക്കും നില്‍ക്കുന്നുണ്ട്. വിഷയത്തിന്റെ അടിയന്തരാവസ്ഥ മനസ്സിലാക്കി ജെകെഎല്‍എഫുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുമെന്നാണ് പ്രതീക്ഷ. എന്റെ പാര്‍ട്ടി തീവ്രവാദ സംഘങ്ങളില്‍ നിന്നും അകലം പാലിക്കാന്‍ നടപടി സ്വീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ്', ഡോ. നീരജ് കൂട്ടിച്ചേര്‍ത്തു. ലേബര്‍ പാര്‍ട്ടിയിലെ ഇന്ത്യാവിരുദ്ധ വിഭാഗങ്ങള്‍ക്കെതിരെ പാര്‍ട്ടിക്ക് ഉള്ളില്‍ നിന്ന് പോരാടാനാണ് ഈ ഇന്ത്യന്‍ വംശജനായ മുന്‍ മേയറുടെ തീരുമാനം, 

ജമ്മു കശ്മീര്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലേബര്‍ നേതാക്കളുടെ സഹായം വര്‍ഷങ്ങളായി ലഭിക്കുന്നതായി ജെകെഎല്‍എഫ് ലേബര്‍ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച കത്തില്‍ വ്യക്തമാക്കുന്നു. യുകെയിലെ വൈവിധ്യമാര്‍ന്ന സമൂഹങ്ങള്‍ക്കിടയില്‍ ലേബര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്നും തീവ്രവാദ സംഘടന വ്യക്തമാക്കുന്നു. ജെകെഎല്‍എഫ് പിന്തുണ പ്രഖ്യാപിച്ച കത്ത് അയച്ചതില്‍ മാത്രം പ്രശ്‌നം തീരുന്നില്ലെന്ന് ഡോ. നീരജ് ചൂണ്ടിക്കാണിച്ചു. ലൂട്ടണ്‍ ലേബര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ച കത്ത് വോട്ട് ലഭിക്കാനായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

ഒരു തീവ്രവാദ സംഘടനയുടെ പിന്തുണ ലേബര്‍ പാര്‍ട്ടിക്ക് വേണോയെന്ന് ചിന്തിക്കണം. ഈ കത്ത് ലൂട്ടണ്‍ ലേബര്‍ പാര്‍ട്ടി ഔദ്യോഗിക പേജില്‍ പ്രദര്‍ശിപ്പിക്കുന്നത് കടുത്ത തെറ്റാണ്, ഡോ. നീരജ് ചൂണ്ടിക്കാണിച്ചു. 1984 ഫെബ്രുവരി 6ന് ബര്‍മിംഗ്ഹാമില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ രവീന്ദ്ര മാത്രെയെ തട്ടിക്കൊണ്ടുപോയ ഈ ഭീകരസംഘടന ഇന്ത്യന്‍ തടവിലുള്ള അവരുടെ സ്ഥാപകന്‍ മഖ്ബൂല്‍ ഭട്ടിനെ മോചിപ്പിക്കണെമന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യം നിരാകരിച്ചതോടെ ഉദ്യോഗസ്ഥനെ ജെകെഎല്‍എഫ് ആലം റോക്കിലെ അംഗങ്ങള്‍ ബര്‍മിംഗ്ഹാമില്‍ വെച്ച് ക്രൂരമായി കൊലപ്പെടുത്തി. ഇന്ത്യയില്‍ നിരവധി ഭീകരവാദ കേസുകള്‍ നേരിടുന്ന സംഘടന നാട്ടില്‍ ഔദ്യോഗിക ഭീകര സംഘടനയുമാണ്. 

ഇന്ത്യാവിരുദ്ധത വാക്കിലും, പ്രവൃത്തിയിലും നടപ്പാക്കുന്ന ലേബര്‍ പാര്‍ട്ടിക്കെതിരെ അവരുടെ മുതിര്‍ന്ന നേതാവ് തന്നെ വിമര്‍ശനവുമായി രംഗത്ത് വന്നത് തെരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചയായി മാറുകയാണ്. ഇന്ത്യന്‍ നയതന്ത്രജ്ഞനെ ബ്രിട്ടനില്‍ വെച്ച് വധിക്കാന്‍ പോലും തയ്യാറായ ഭീകരസംഘടനയുടെ പിന്തുണ ആസ്വദിക്കുന്ന ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്ന ഓരോ ഇന്ത്യക്കാരനും പത്ത് വട്ടം ചിന്തിക്കേണ്ടി വരും!




കൂടുതല്‍വാര്‍ത്തകള്‍.